കേരളത്തിൻ്റെ ധനകാര്യ സ്ഥിതി; എ.കെ ആൻ്റണിയുടെ പ്രസ്താവനയ്ക്ക് എതിരെ പ്രഖ്യാപനവുമായി മുൻ ധനമന്ത്രി കെ.എൻ ബാലഗോപാൽ 

തിരുവനന്തപുരം: എകെ ആൻറണിയുടെ പ്രസ്താവനയ്ക്കെതിരെ മുൻ ധനമന്ത്രി കെഎൻ ബാലഗോപാല്‍. കേരളം പാപ്പരായ സംസ്ഥാനമാണെന്നും 2001-ല്‍ താൻ മുഖ്യമന്ത്രിയായ കാലത്തെ സമാനമായ സാഹചര്യമാണ് ഇപ്പോഴുമുള്ളത്.തുടക്കത്തില്‍ തന്നെ ജനപ്രിയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കരുത്. ചില കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടി വരും. സതീശന് സംസ്ഥാനത്തെ കരകയറ്റാൻ ആവശ്യമായ സാവകാശം നല്‍കണമെന്നുമുള്ള എകെ ആൻറണിയുടെ പ്രസ്താവനക്കെതിരെ മുൻ ധനവകുപ്പ് മന്ത്രി കെഎൻ ബാലഗോപാല്‍. എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധവും കാര്യങ്ങള്‍ മനസ്സിലാക്കാതെയുള്ളതുമാണ്. വസ്തുതകള്‍ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

Advertisements

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ എ കെ ആന്‍റണിയെ വസതിയിലെത്തി വിഡി സതീശൻ സന്ദര്‍ശിച്ചിരുന്നു. തെരഞ്ഞെടുക്കപ്പെടുന്നതില്‍ നിർണായക പങ്കുവഹിച്ച എ കെ ആന്‍റണിയെ നേരില്‍ കണ്ട് നന്ദി അറിയിക്കാനും അനുഗ്രഹം തേടാനുമാണ് സതീശൻ എത്തിയത്. സതീശന്റെ നേതൃത്വത്തിലുള്ള അടുത്ത അഞ്ച് വര്‍ഷം കേരളത്തിന്‍റെ സുവര്‍ണകാലമായി മാറട്ടെ എന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം എ കെ ആന്‍റണി പ്രതികരിച്ചു. ഒന്നിന് പുറകെ ഒന്നായി ജനപ്രിയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും എ കെ ആന്‍റണി കൂട്ടിച്ചേര്‍ത്തു. എ കെ ആന്‍റണിയുടെ നിർദ്ദേശവും കൂടി പരിഗണിച്ചാണ് ഹൈക്കമാന്‍ഡ് വിഡിയെ മുഖ്യമന്ത്രിയാക്കിയത് എന്നാണ് റിപ്പോര്‍ട്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വികസനത്തിലും ജനക്ഷേമത്തിലും കേരളത്തെ ദക്ഷിണേന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമായി നയിക്കാൻ സതീശന് സാധിക്കട്ടെ എന്ന് എ കെ ആന്‍റണി ആശംസിച്ചു. സോണിയാ ഗാന്ധിയുമായും രാഹുല്‍ ഗാന്ധിയുമായും കൂടിയാലോചിച്ചാണ് കോണ്‍ഗ്രസ് പ്രസിഡന്‍റ് സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിയോഗിച്ചത്. ഈ തീരുമാനത്തെ താൻ പൂർണമായും പിന്താങ്ങുന്നുവെന്നും സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്നും ആന്റണി പറഞ്ഞു. അതേസമയം, കേരളം സാമ്പത്തികമായി തരിപ്പണമായ അവസ്ഥയിലാണെന്നാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. 2001-ല്‍ താൻ മുഖ്യമന്ത്രിയായ കാലത്തെ സമാനമായ സാഹചര്യമാണ് ഇപ്പോഴുമുള്ളത്. തുടക്കത്തില്‍ തന്നെ ജനപ്രിയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കരുത്. ചില കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടി വരും. സതീശന് സംസ്ഥാനത്തെ കരകയറ്റാൻ ആവശ്യമായ സാവകാശം നല്‍കണമെന്നും ആന്റണി മാധ്യമങ്ങളോടും ജനങ്ങളോടും അഭ്യർത്ഥിച്ചു. തുടക്കത്തില്‍ ആരവം മുഴക്കുന്നവർ പിന്നീട് കല്ലെറിയുന്ന സാഹചര്യം ഉണ്ടാകരുത്. ഭരണത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ ചില കൈപ്പുനീർ കുടിക്കേണ്ടി വരും. ആ സമയത്ത് സതീശനെ പിന്തുണയ്ക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു. ഈ പ്രസ്താവനെയെയാണ് കെഎൻ ബാലഗോപാല്‍ എതിർത്തത്.

കെഎൻ ബാലഗോപാല്‍ പറയുന്നത്

കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന ശ്രീ. എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധവും കാര്യങ്ങള്‍ മനസ്സിലാക്കാതെയുള്ളതുമാണ്. വസ്തുതകള്‍ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.പ്രകടന പത്രികയില്‍ പറഞ്ഞ 95 ശതമാനം കാര്യങ്ങളും ഉത്തരവാദിത്വത്തോടെ പൂർത്തീകരിച്ച സർക്കാരാണ് ചുമതല ഒഴിഞ്ഞത്. ഈ പ്രവർത്തനങ്ങള്‍ക്കാകെ വേണ്ടിവന്ന പണം യാതൊരു തടസ്സവും ഇല്ലാതെ ഖജനാവില്‍ നിന്ന് ധനവകുപ്പ് അനുവദിച്ചു നല്‍കുകയുണ്ടായി.സംസ്ഥാനത്തിന്റെ കഴിഞ്ഞ അഞ്ചുവർഷത്തെ ശരാശരി വാർഷിക ചെലവ് 1.72 ലക്ഷം കോടി രൂപയാണ്. 2025- 26 സാമ്പത്തിക വർഷം മാത്രം സർക്കാർ ഖജനാവില്‍ നിന്ന് ചെലവഴിച്ചത് 2 ലക്ഷം കോടി രൂപയിലധികമാണ്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ശരാശരി 70000 കോടി രൂപയും ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ശരാശരി 1.15 ലക്ഷം കോടി രൂപയുമായിരുന്നു സംസ്ഥാനത്തിന്റെ വാർഷിക ചെലവ്.

കേന്ദ്രം നാനാവിധത്തില്‍ സംസ്ഥാന സർക്കാരിനെ ശ്വാസംമുട്ടിച്ചപ്പോഴും ഒരു ദിവസം പോലും ട്രഷറി പൂട്ടുകയോ സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങുകയോ ചെയ്തിട്ടില്ല. സർക്കാർ ചുമതല ഒഴിയുമ്പോള്‍ ക്ഷേമ പെൻഷൻ ഒരു ഗഡു പോലും കുടിശ്ശികയുണ്ടായില്ല. സർക്കാർ ഉദ്യോഗസ്ഥർക്കും പെൻഷൻകാർക്കും മുഴുവൻ ഡിഎയും ഡി ആറും അനുവദിച്ചു നല്‍കി. ഡി എ/ഡി ആർ മുൻകാല കുടിശ്ശിക 8 തുല്യ ഗഡുക്കളായി നല്‍കാൻ നടപ്പു വർഷത്തെ ബജറ്റില്‍ പണം വകയിരുത്തുകയും ചെയ്തു. സംസ്ഥാന ഖജനാവില്‍ നിന്നും പ്രതിമാസം 125 കോടിയോളം രൂപ കൊടുത്താണ് കെ.എസ്.ആർ.ടി.സിക്കാരുടെ ശമ്പളവും പെൻഷനും നല്‍കിവന്നിരുന്നത്. എല്ലാ മാസവും ഒന്നാം തീയതി തുടർച്ചയായി കെഎസ്‌ആർടിസി കാർക്ക് ശമ്പളം മുടക്കമില്ലാതെ നല്‍കാൻ ഈ സർക്കാരിന് കഴിഞ്ഞു. സംസ്ഥാനത്തെ 20 ലക്ഷത്തിലധികം സ്ത്രീകള്‍ക്ക് പ്രതിമാസം ആയിരം രൂപ മുഖ്യമന്ത്രിയുടെ സ്ത്രീസുരക്ഷാ ധനസഹായമായും തൊഴിലന്വേഷകരായ ചെറുപ്പക്കാർക്ക് 1000 രൂപ കണക്‌ട് വർക് സ്കോളർഷിപ്പായും കൃത്യമായി നല്‍കി. പട്ടികജാതി- പട്ടികവർഗ്ഗ മേഖലയിലെ സ്കോളർഷിപ്പുകളും മറ്റ് അടിസ്ഥാന മേഖലകളിലെ വിഹിതങ്ങളും മുടക്കമില്ലാതെ നല്‍കി.

സംസ്ഥാനത്തിന്റെ പൊതു കടമാകട്ടെ അഞ്ചുവർഷംകൊണ്ട് അഞ്ചു ശതമാനത്തിലധികം കുറയുകയും ചെയ്തു. 2021ല്‍ 39% ആയിരുന്ന സംസ്ഥാന കടം ഇന്ന് 34 ശതമാനത്തില്‍ താഴെയാണ്.കടത്തിന്റെ കണക്കില്‍ ഇന്ത്യയിലെ ആദ്യത്തെ 15 സംസ്ഥാനങ്ങളില്‍ പോലും കേരളമില്ല. രാജ്യത്ത് ഏറ്റവും മികച്ച ധന ദൃഢീകരണം നടന്ന സംസ്ഥാനങ്ങളില്‍ ഒന്നായി കേരളം പരിഗണിക്കപ്പെടുന്നുണ്ട്.

തനത് വരുമാനം വർദ്ധിപ്പിച്ചും വരവ് ചെലവുകള്‍ മികച്ച രീതിയില്‍ മാനേജ് ചെയ്തുമാണ് ഈ നേട്ടത്തിലേക്ക് എത്താൻ സർക്കാരിന് കഴിഞ്ഞത്. അഞ്ചുവർഷംകൊണ്ട് 47,000 കോടിയില്‍ നിന്നും ഒരു ലക്ഷം കോടിയിലേക്ക് സംസ്ഥാനത്തിന്റെ തനത് വരുമാനം വർദ്ധിപ്പിക്കാൻ കഴിഞ്ഞു. കേന്ദ്രം സംസ്ഥാനത്തിന് ന്യായമായും നല്‍കേണ്ട വിഹിതം വെട്ടിക്കുറച്ചില്ലായിരുന്നുവെങ്കില്‍ സംസ്ഥാനത്തിന്റെ ധനസ്ഥിതി ഏറ്റവും മികച്ചതാകുമായിരുന്നു.സാമ്പത്തിക ഫെഡറലിസത്തെ തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങള്‍ക്കെതിരെ കേരളം ഉയർത്തിയ പ്രതിരോധം രാജ്യം ഏറ്റെടുത്ത കാലം കൂടിയാണ് കടന്നുപോയത്. അർഹമായ കേന്ദ്രവിഹിതം നിവർത്തിച്ചു കിട്ടാൻ സുപ്രീംകോടതിയില്‍ കേരളം കേസു നല്‍കി. കേന്ദ്രസർക്കാർ നയങ്ങള്‍ക്കെതിരെ പാർലമെന്റിനു മുൻപില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ധർണ്ണ നടത്തി. കേരളത്തിന്റെ ചുവട് പിടിച്ച്‌ തമിഴ്നാടും കർണാടകയും പശ്ചിമബംഗാളും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളും കേന്ദ്ര ധനവിതരണത്തിലെ അസന്തുലിതത്വത്തിനെതിരെ രംഗത്തുവന്നു.

അഞ്ചുവർഷമായി സംസ്ഥാന സർക്കാർ നിരന്തരം നടത്തിയ പരിശ്രമങ്ങളുടെ ഭാഗമായി പതിനാറാം ധനകാര്യ കമ്മീഷൻ കേരളത്തിനുള്ള കേന്ദ്രവിഹിതത്തില്‍ വർദ്ധനവ് വരുത്തുകയുണ്ടായി. സംസ്ഥാനങ്ങള്‍ക്ക് വീതിച്ചു നല്‍കുന്ന ഡിവിസിബിള്‍ പൂളില്‍ 1.925% ആയിരുന്ന കേരളത്തിന്റെ വിഹിതം ഇപ്പോള്‍ 2.382 % ആയി വർദ്ധിച്ചിരിക്കുകയാണ്. ധനകാര്യ മന്ത്രി എന്ന നിലയില്‍ കേന്ദ്രസർക്കാരില്‍ അഞ്ചുവർഷക്കാലം നടത്തിയ നിരന്തര സമ്മർദ്ദത്തിന്റെ ഫലമായാണ് ഈ വർദ്ധനവ് നമുക്ക് ലഭിച്ചത്. ഓരോ വർഷവും ചുരുങ്ങിയത് 10000 ത്തിലധികം കോടി രൂപയാണ് ഇതിലൂടെ സംസ്ഥാന ഖജനാവില്‍ അധികമായി വരാൻ പോകുന്നത്. 2026 മുതല്‍ 2031 വരെയുള്ള ഈ നിരക്ക് വർദ്ധനയുടെ ഗുണഭോക്താക്കള്‍ പുതിയ യുഡിഎഫ് സർക്കാരാണ്. അഞ്ചുവർഷംകൊണ്ട് 50,000 കോടി രൂപ ഇതിലൂടെ അധികമായി ഖജനാവിലെത്തും.

ഏതു നിലയിലും സാമ്പത്തിക വെല്ലുവിളികള്‍ ഏറ്റെടുക്കാൻ പര്യാപ്തമായ ഒരു ഖജനാവാണ് പുതിയ സർക്കാരിന് ഞങ്ങള്‍ കൈമാറിയിട്ടുള്ളത്. രണ്ടാം പിണറായി സർക്കാർ അധികാരമൊഴിയുമ്പോള്‍ 4000 കോടി രൂപ ഖജനാവില്‍ നീക്കിയിരിപ്പുണ്ടായിരുന്നു. ഒന്നും രണ്ടും പിണറായി സർക്കാരുകള്‍ ചുമതല ഏറ്റെടുത്തപ്പോള്‍ അവർക്ക് നിർവഹിക്കാനുണ്ടായിരുന്ന സാമ്പത്തിക ഉത്തരവാദിത്വവുമായി തട്ടിച്ചു നോക്കുമ്പോള്‍ പുതിയ യുഡിഎഫ് സർക്കാരിന് മുന്നിലുള്ളവ ചെറുതാണ്.

കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവും ബൃഹത്തായ വികസന പദ്ധതികള്‍ പൂർത്തീകരിക്കുകയും, രാജ്യത്തെ തന്നെ ഏറ്റവും സമഗ്രമായ ക്ഷേമ പദ്ധതികള്‍ വിജയകരമായി മുന്നോട്ടു കൊണ്ടുപോവുകയും ചെയ്ത സർക്കാരുകളാണ് ഒന്നും രണ്ടും പിണറായി സർക്കാരുകള്‍. രണ്ടാം പിണറായി സർക്കാർ മാത്രം ക്ഷേമപെൻഷൻ ഇനത്തില്‍ വിതരണം ചെയ്തത് 50,000 കോടി രൂപയിലധികമാണ്.

അധികാരത്തില്‍ ഇരുന്നപ്പോഴൊക്കെ ക്ഷേമ പെൻഷനുകള്‍ കുടിശ്ശികയാക്കിയും സർക്കാർ ജീവനക്കാരുടെ അവകാശങ്ങള്‍ നിഷേധിച്ചും പൊതുമേഖലാ സ്ഥാപനങ്ങളെ തച്ചു തകർത്തും വികസന പ്രവർത്തനങ്ങള്‍ നിശ്ചലമാക്കിയും സംസ്ഥാനത്തെ പിന്നോട്ടടിച്ച പാരമ്പര്യമാണ് യുഡിഎഫ് സർക്കാരുകള്‍ക്കുള്ളത്. അധികാരം ഏറ്റെടുത്ത ദിവസം തന്നെ, വാഗ്ദാനങ്ങള്‍ ഇപ്പോള്‍ നടപ്പിലാക്കുക ബുദ്ധിമുട്ടായിരിക്കും എന്ന നിലയില്‍ നടത്തിയ പ്രസ്താവന ജനക്ഷേമ പദ്ധതികളില്‍ നിന്ന് പിൻവലിയാനുള്ള മുൻകൂർ ജാമ്യമായി കാണാവുന്നതാണ്. ജനങ്ങളുടെ മുന്നില്‍ സമർപ്പിച്ച എല്ലാ വാഗ്ദാനങ്ങളും ഏതാണ്ട് പൂർണമായി നടപ്പിലാക്കുകയും അത് സംബന്ധിച്ച്‌ ജനസമക്ഷം പ്രോഗ്രസ്സ് റിപ്പോർട്ട് പുറത്തിറക്കുകയും ചെയ്ത സർക്കാരുകളാണ് ഒന്നും രണ്ടും പിണറായി സർക്കാരുകള്‍. ആ സർക്കാരിന്റെ തുടർച്ചയായി വന്ന യുഡിഎഫ് സർക്കാർ തങ്ങളുടെ വാഗ്ദാനങ്ങളില്‍ നിന്ന് പിൻവാങ്ങി ജനങ്ങളെ കബളിപ്പിക്കുന്നതിനുമുള്ള നടപടികള്‍ ആരംഭിച്ചു എന്ന നിലയില്‍ വേണം ശ്രീ എ കെ ആന്റണിയുടെ പ്രസ്താവനയെ കാണാൻ.

Hot Topics

Related Articles