തിരുവനന്തപുരം:കേരള സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) ടിക്കറ്റ് വരുമാനത്തിൽ പുതിയ ചരിത്രം കുറിച്ചു. 2026 ജനുവരി 5-ന് ഒരുദിവസം നേടുന്ന ആകെ വരുമാനം ആദ്യമായി 13 കോടി രൂപ പിന്നിട്ടു. അന്നത്തെ കണക്കുകൾ പ്രകാരം കെഎസ്ആർടിസിയുടെ മൊത്തം വരുമാനം 13.01 കോടി രൂപയാണ്.ഇതിൽ 12.18 കോടി രൂപ ടിക്കറ്റ് വരുമാനമായും 0.83 കോടി രൂപ ടിക്കറ്റ് ഇതര വരുമാനമായുമാണ് ലഭിച്ചത്. ഈ നേട്ടത്തിൽ കെഎസ്ആർടിസി ജീവനക്കാരെയും മാനേജ്മെന്റിനെയും ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ അഭിനന്ദിച്ചു.“ഇപ്പോൾ നമ്മൾ ആഘോഷിച്ചില്ലെങ്കിൽ പിന്നെപ്പോഴാണ്? കെഎസ്ആർടിസിയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരുദിവസം ഇത്രയും വലിയ വരുമാനം നേടുന്നത്,” എന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ജീവനക്കാരുടെ കൂട്ടായ പ്രവർത്തനവും മാനേജ്മെന്റിന്റെ ഏകോപിതമായ ശ്രമവുമാണ് ഈ നേട്ടത്തിന് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി.ടിക്കറ്റ് നിരക്ക് വർധിപ്പിക്കാതെ തന്നെ ഈ ലക്ഷ്യം കൈവരിക്കാൻ കഴിഞ്ഞത് ശ്രദ്ധേയമാണെന്നും മന്ത്രി പറഞ്ഞു. സിഎംഡി ഡോ. പ്രമോജ് ശങ്കറിന്റെ നേതൃത്വത്തിൽ മാനേജ്മെന്റും ജീവനക്കാരും ഒരേ മനസ്സോടെ പ്രവർത്തിച്ചതാണ് വിജയം സാധ്യമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പുതിയ ബസുകൾ നിരത്തിലിറക്കിയതും സേവനങ്ങളിൽ വരുത്തിയ ഗുണപരമായ മാറ്റങ്ങളും യാത്രക്കാരിൽ നിന്ന് വലിയ സ്വീകാര്യത നേടാൻ സഹായിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കട്ടപ്പുറത്തിരുന്ന ബസുകൾ പരമാവധി സർവീസിലിറക്കിയതും വരുമാനം വർധിക്കാൻ കാരണമായി. ലക്ഷ്യം കൈവരിക്കാനായി ഡിപ്പോകൾക്കിടയിൽ നടന്ന മത്സരാത്മക പ്രവർത്തനം ഓരോ ഡിപ്പോയെയും പ്രവർത്തന ലാഭത്തിലേക്ക് എത്തിച്ചതായും മന്ത്രി പറഞ്ഞു.താൻ മന്ത്രിയായി ചുമതലയേറ്റ ശേഷം നടപ്പാക്കിയ കാലോചിതമായ പരിഷ്കാരങ്ങൾ ‘സ്വയംപര്യാപ്ത കെഎസ്ആർടിസി’ എന്ന ലക്ഷ്യത്തിലേക്കുള്ള വലിയ മുന്നേറ്റത്തിന് ശക്തിപകർന്നുവെന്നും ഗണേഷ് കുമാർ വ്യക്തമാക്കി. കെഎസ്ആർടിസിയോട് വിശ്വാസം പുലർത്തി യാത്ര ചെയ്യുന്ന യാത്രക്കാരോടും അക്ഷീണം പ്രവർത്തിക്കുന്ന സിഎംഡി ഉൾപ്പെടെയുള്ള എല്ലാ ഉദ്യോഗസ്ഥർക്കും മന്ത്രി നന്ദി അറിയിച്ചു. ജീവനക്കാരുടെ പിന്തുണയോടെ ഇനിയും കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനാകുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു.


