ആലപ്പുഴയിൽ വൻ തട്ടിപ്പ്; ഓഹരി വിപണിയിൽ വൻ ലാഭം വാഗ്ദാനം ചെയ്ത് വയോധികനിൽ നിന്നും 19.62 ലക്ഷം തട്ടി 

ആലപ്പുഴ: ഓഹരി വിപണിയില്‍ വൻലാഭം വാഗ്ദാനം നല്‍കി വയോധികനില്‍ നിന്ന് 19.62 ലക്ഷം കവർന്നു. മാരാരിക്കുളം സ്വദേശിയായ 85കാരനാണ് തട്ടിപ്പിനിരയായത്. ഡിസംബർ 15ന്‌ ഷെയർ ട്രേഡിങുമായി ബന്ധപ്പെട്ട്‌ യൂട്യൂബില്‍ കണ്ട വീഡിയോയില്‍ നിന്നാണ്‌ തട്ടിപ്പിന്‍റെ തുടക്കം. വീഡിയോയിലെ ലിങ്കില്‍ വിവരങ്ങള്‍ നല്‍കിയതോടെ തട്ടിപ്പുകാർ ഫോണിലും മെയിലിലും ബന്ധപ്പെട്ടു. ബിഎക്‌സ്‌ബി മാർക്കറ്റ്‌ എന്ന ഷെയർ ട്രേഡിങ്‌ ഗ്രൂപ്പിന്റെ പ്രതിനിധിയെന്ന്‌ പരിചയപ്പെടുത്തിയ വ്യക്തി അയച്ചു നല്‍കിയ ലിങ്കില്‍നിന്ന്‌ വ്യാജട്രേഡിങ്‌ ആപ്പ്‌ ഇൻസ്റ്റള്‍ ചെയ്യുകയായിരുന്നു. തുടർന്ന്‌ ഡിസംബർ 16 മുതല്‍ ഫെബ്രുവരി രണ്ട്‌ വരെയുള്ള ദിവസങ്ങളില്‍ 17 തവണയായി 19,62,768 രൂപ നിക്ഷേപിച്ചു.

Advertisements

വ്യാജ ട്രേഡിങ്‌ ആപ്പില്‍ നിക്ഷേപവും ലാഭവും കൃത്രിമമായി കാണിച്ചാണ്‌ തട്ടിപ്പുകാർ വയോധികന്‍റെ വിശ്വാസം നേടിയത്‌. പിന്നീട്‌ നിക്ഷേപം പിൻവലിക്കാൻ ശ്രമിച്ചപ്പോള്‍ സാധിക്കാതെ വന്നു. തട്ടിപ്പുകാരെ ബന്ധപ്പെട്ടപ്പോള്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടു. ഇതോടെയാണ്‌ പൊലീസില്‍ പരാതി നല്‍കിയത്‌. വയോധികന്‍റെ പണം എത്തിയ ബാങ്ക്‌ അക്ക‍ൗണ്ട്‌ വിവരങ്ങള്‍ നാഷണല്‍ സൈബർ ക്രൈം റിപ്പോർട്ടിങ്‌ പോർട്ടലിന്‌ കൈമാറി. വയോധികന്‍റെ പരാതിയില്‍ കേസെടുത്ത ആലപ്പുഴ സൈബർ ക്രൈം പൊലീസ്‌ അന്വേഷണം ആരംഭിച്ചു.

Hot Topics

Related Articles