ഭോപ്പാൽ : ‘ഓപ്പറേഷൻ സിന്ദൂർ’ കേസിൽ ബി.ജെ.പി. മന്ത്രിക്കെതിരെ കേസ് എടുക്കാൻ ഉത്തരവിട്ട മധ്യപ്രദേശ് ഹൈക്കോടതിയിലെ മലയാളി ജഡ്ജിയെ സ്ഥലം മാറ്റിയതിൽ വിവാദം . മധ്യപ്രദേശ് ഹൈക്കോടതിയിലെ ജഡ്ജിയായ ജസ്റ്റിസ് അതുല്‍ ശ്രീധരനെ അലാഹാബാദ് ഹൈക്കോടതിയിലേക്കാണ് സുപ്രീം കോടതി ശുപാർശ ചെയ്തിരിക്കുന്നത്.ജസ്റ്റിസ് അതുല്‍ ശ്രീധരനെ അലാഹാബാദിലേക്ക് മാറ്റാനുള്ള പുതിയ ശുപാർശ, കേന്ദ്രസർക്കാരിന്റെ ആവശ്യപ്രകാരമാണെന്ന വിവരം പുറത്തുവന്നതോടെ നീതിന്യായ മേഖലയിലെ പ്രമുഖർ കടുത്ത പ്രതികരണവുമായി രംഗത്തെത്തി.
സുപ്രീം കോടതി കൊളീജിയം ആദ്യം ശുപാർശ ചെയ്തിരുന്നത് ഛത്തീസ്ഗഡ് ഹൈക്കോടതിയിലേക്കായിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ശുപാർശ. അത് അംഗീകരിച്ചിരുന്നെങ്കിൽ അവിടെ സീനിയോറിറ്റിയിൽ രണ്ടാമനായിരിക്കും ജസ്റ്റിസ് അതുല്‍ ശ്രീധരൻ. ഇപ്പോഴത്തെ മധ്യപ്രദേശ് ഹൈക്കോടതിയിലും അദ്ദേഹം രണ്ടാമനായിരുന്നു. എന്നാൽ, ഈ ശിപാർശയ്ക്ക് കേന്ദ്രം എതിർപ്പ് പ്രകടിപ്പിച്ചതിനുശേഷമാണ് പുതിയ തീരുമാനം.കേന്ദ്രത്തിന്റെ ആവശ്യപ്രകാരം, ഒക്ടോബർ 14-ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ കൊളീജിയം, അതുല്‍ ശ്രീധരനെ അലാഹാബാദ് ഹൈക്കോടതിയിലേക്ക് മാറ്റാനുള്ള ശിപാർശ കൈമാറി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇത് നടപ്പായാൽ, അവിടെ സീനിയോറിറ്റിയിൽ ഏഴാമതാകും കണ്ണൂർ സ്വദേശിയായ ഈ ജഡ്ജി.‘ഓപ്പറേഷൻ സിന്ദൂർ’ വിഷയത്തിൽ പത്രസമ്മേളനം നടത്തിയ കേണൽ സോഫിയ ഖുറേഷിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാമർശം നടത്തിയ മധ്യപ്രദേശ് ബി.ജെ.പി. മന്ത്രി വിജയ് ഷായ്ക്കെതിരേ കേസ് എടുക്കാൻ ഉത്തരവിട്ടത് ജസ്റ്റിസ് അതുല്‍ ശ്രീധരനായിരുന്നു. അതിനുശേഷമാണ് സ്ഥലംമാറ്റം സംബന്ധിച്ച നീക്കങ്ങൾ വേഗം പിടിച്ചതെന്ന സൂചന.ജമ്മു-കശ്മീര്‍ ഹൈക്കോടതിയിലായിരിക്കുമ്പോഴും കേന്ദ്രസർക്കാരിനെ അസ്വസ്ഥരാക്കിയ വിധികൾ നിരവധി പുറപ്പെടുവിച്ചിട്ടുള്ള വ്യക്തിയാണ് അദ്ദേഹം.സ്ഥലംമാറ്റ തീരുമാനത്തിനെതിരെ നിയമലോകത്ത് ശക്തമായ പ്രതികരണം ഉയരുകയാണ്.
“സ്വതന്ത്രമായ നിലപാട് സ്വീകരിക്കുന്ന ജഡ്ജിമാരെ സർക്കാർ അംഗീകരിക്കുന്നില്ലെന്ന് തെളിയിക്കുന്നതാണ് ഈ നീക്കം,” എന്ന് മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ പറഞ്ഞു. “കൊളീജിയത്തിന്റെ നടപടികൾ ഏറെ ദുര്ഗ്രാഹ്യമാണ്. ജഡ്ജിമാരുടെ സ്ഥലംമാറ്റം ശിക്ഷയായി മാറരുത്. കൊളീജിയവും സർക്കാരും തമ്മിലുള്ള കത്തിടപാടുകൾ പരസ്യമാക്കേണ്ട സമയം ഇതാണ്,” ധവാൻ കൂട്ടിച്ചേർത്തു.


