കോട്ടയം :സ്കൂളുകളിൽ ‘ഷുഗർ ബോർഡ്’ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു ജില്ല ഭക്ഷ്യോപദേശക വിജിലൻസ് സമിതി അംഗം എ.ബി. ഐപ്പ്. കോട്ടയം ജില്ലയിലെ ഭൂരിഭാഗം സ്കൂളുകളിലും ഭക്ഷണശാലകൾ ആരംഭിച്ച് ജങ്ക് ഫുഡ്, കോളാ, അധിക മധുരമുള്ള മിഠായികൾ തുടങ്ങിയവ വിൽക്കുന്ന പ്രവണത വർധിച്ചുവരുന്നതായും ഇതുവഴി കുട്ടികളിൽ അമിതമായി മധുരത്തോടുള്ള ആസക്തി രൂപപ്പെടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ സാഹചര്യത്തിൽ വിദ്യാർത്ഥികളിൽ അമിതമധുരത്തിന്റെ ദോഷങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനായി ഓരോ സ്കൂളിലും ‘ഷുഗർ ബോർഡ്’ സ്ഥാപിക്കേണ്ടതുണ്ടെന്നും സ്കൂൾ ക്യാന്റീനുകളിൽ നാടൻ ഭക്ഷണവിഭവങ്ങൾ മാത്രം വിൽക്കണമെന്ന് ഉറപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പ് കർശന നിർദ്ദേശം നൽകണമെന്നും എ.ബി. ഐപ്പ് ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് ഈ ആവശ്യവുമായി നിവേദനം സമർപ്പിച്ചതായും അദ്ദേഹം അറിയിച്ചു.


