ലാവോസിലെ ഗുഹയില്‍ കുടുങ്ങിയ നാല് പേർ കൂടി സുരക്ഷിതരായി പുറത്തെത്തി. സംഘത്തിലെ ഒരാളെ വെള്ളിയാഴ്ച പുറത്തെത്തിച്ചിരുന്നു. അങ്ങനെ ആകെ അഞ്ച് പേർ പുറത്തെത്തി. ഇവരുടെ കൂടെ ഗുഹയിലേക്ക് കയറിപ്പോയ രണ്ട് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. അവർക്കായി തെരച്ചില്‍ തുടരുകയാണ്.
പത്ത് നാളുകള്‍ക്ക് ശേഷമാണ് അഞ്ച് പേർ വെളിച്ചം കണ്ടത്. ലാവോസിലെ സെയ്സോംബൂണ്‍ പ്രവിശ്യയിലെ ഗുഹയിലേക്ക് സ്വർണം തേടിയാണ് ആ ഏഴ് ഗ്രാമീണർ ഇറങ്ങിച്ചെന്നത്.പെട്ടെന്നുണ്ടായ മഴയിലും മിന്നല്‍ പ്രളയത്തിലും ഗുഹയ്ക്കകത്ത് പെട്ട് പോയി. മെയ് 20ന് ഗുഹയില്‍ കയറിയവരെ തേടി വിദേശ രാജ്യങ്ങളില്‍ നിന്നടക്കം വിദഗ്ധരായ കേവ് ഡൈവർമാർ എത്തി. മെയ് ഇരുപത്തിയേഴാം തീയതിയാണ് ഇപ്പോള്‍ പുറത്തെത്തിയ അഞ്ച് പേരെയും കണ്ടെത്തിയത്. ചെളിയില്‍ പുതഞ്ഞ്, തണുത്ത്, വിശന്ന് ക്ഷീണിച്ച് അവശ നിലയിലായിരുന്നു അഞ്ച് പേരും. ഗുഹാമുഖത്ത് നിന്ന് 300 മീറ്റർ താഴെയായിരുന്നു അവരപ്പോള്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പലയിടങ്ങളിലും 60 സെന്റീമീറ്റർ മാത്രം വ്യാസമുള്ള ഇടനാഴികള്‍, വെള്ളക്കെട്ടുകള്‍, കുറ്റാക്കൂരിരുട്ട്- മുന്നോട്ട് നീങ്ങാൻ പലപ്പോഴും ഓക്സിജൻ ടാങ്കുകളടക്കം ഉപകരണങ്ങള്‍ ഊരിമാറ്റേണ്ടി വന്നു രക്ഷാപ്രവർത്തകർക്ക്. അങ്ങനെ സ്വന്തം ജീവൻ പോലും പണയപ്പെടുത്തിയാണ് രക്ഷാ സംഘം അഞ്ച് പേരിലേക്ക് എത്തിയത്. സംഘത്തിലെ മറ്റ് രണ്ട് പേരെ കണ്ടെത്താൻ തെരച്ചില്‍ തുടരുകയാണ്. ഗുഹയിലെ കൊടും തണുപ്പിനെ അതിജീവിച്ച് അവർ ജീവനോടെയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് തെരച്ചില്‍ തുടരുന്നത്.
2018ല്‍ തായ്‍ലൻഡിലെ ഗുഹയില്‍ കുടുങ്ങിയ കുട്ടികളുടെ ഫുട്ബോള്‍ ടീമിനായി രക്ഷാപ്രവർത്തനം നടത്തിയ വിദഗ്ധർ ഈ ദൗത്യത്തിനായി ലാവോസിലെത്തിയിരുന്നു. പതിനെട്ട് നാള്‍ നീണ്ട ആ രക്ഷാപ്രവർത്തിലെ അനുഭവസമ്പത്തും ഈ രക്ഷാ ദൗത്യത്തില്‍ വലിയ ഗുണം ചെയ്തിട്ടുണ്ട്. രക്ഷപ്പെടുത്തിയവരുടെ ആരോഗ്യ തൃപ്തികരമാണെന്നാണ് പ്രാഥമിക വിവരം. ഇവരെ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയരാക്കും. മറ്റ് രണ്ട് പേരെ കണ്ടെത്താൻ ശ്രമം തുടരാനാണ് തീരുമാനം.


