കോട്ടയം: കഴിഞ്ഞ തവണ നേരിയ പിഴവുകളുടെ പേരിൽ കൈവിട്ടകോട്ടയം കയ്യെത്തിപ്പിടിക്കാൻ അടിയൊഴുക്കുകളും, പ്രചാരണവും സജീവമാക്കി കോട്ടയം നഗരസഭയിൽ എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിലേയ്ക്ക് ഉറ്റുനോക്കിയിരിക്കെ സ്ഥാനാർത്ഥി നിർണ്ണയത്തിന്റെ ആദ്യ ഘട്ടചർച്ചകൾ പൂർത്തിയാക്കി എൽ.ഡി.എഫ് രഹസ്യ പ്രചാരണത്തിലേയ്ക്കു കടക്കുകയാണ്.
കഴിഞ്ഞ തവണ സിപിഐയും, കേരള കോൺഗ്രസും സഹിതം 22 സീറ്റുകളാണ് 52 അംഗ നഗരസഭയിൽ എൽ.ഡി.എഫ് നേടിയിരുന്നത്. കോട്ടയം നഗരസഭയിൽ ഭൂരിപക്ഷം നേടിയിട്ടും കഴിഞ്ഞ തവണ ഒരു ദിവസം പോലും ഭരിക്കാൻ എൽ.ഡി.എഫിനു സാധിച്ചിരുന്നില്ല. ചില സീറ്റുകളിലെ സ്ഥാനാർത്ഥി നിർണ്ണയത്തിലെ പിഴവുകളും, പാർട്ടിയ്ക്കുള്ളിലെ ചില പ്രശ്നങ്ങളുമായിരുന്നു കഴിഞ്ഞ തവണ നേരിയ വ്യത്യാസത്തിന് ഭരണം കൈമോശം വരാൻ ഇടയാക്കിയതെന്നാണ് എൽഡിഎഫ് വിലയിരുത്തൽ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ അഞ്ചു വർഷം കോട്ടയം നഗരസഭയിലുണ്ടായ ക്രമക്കേടുകളും അഴിമതികളും അടക്കം ചർച്ചയാക്കി മാറ്റി ഇക്കുറി ഭരണം കൈവശപ്പെടുത്താനാണ് എൽഡിഎഫ് ലക്ഷ്യമിടുന്നത്. എൽഡിഎഫിനും സിപിഎമ്മിനും ഏറ്റവും കൂടുതൽ ശക്തിയുള്ള കുമാരനല്ലൂർ, നാട്ടകം , പടിഞ്ഞാറൻ മേഖലകളിൽ നിന്നും പരമാവധി സീറ്റുകളാണ് ലക്ഷ്യമിടുന്നത്. ഇത് കൂടാതെ കേരള കോൺഗ്രസിന് പരമാവധി സീറ്റുകൾ നൽകി വിജയം ഉറപ്പ് വരുത്താനും എൽഡിഎഫ് ലക്ഷ്യമിടുന്നുണ്ട്. വാർഡ് തല ചർച്ചകൾ രണ്ട് ദിവസത്തിനുള്ളിൽ പൂർത്തിയാക്കി സ്ഥാനാർത്ഥികളെ തീരുമാനിക്കാനുള്ള നടപടി ക്രമം മാത്രമാണ് എൽഡിഎഫിന് ഇനി ആവശ്യം. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാൽ ഉടൻ തന്നെ സ്ഥാനാർത്ഥികളെ തീരുമാനിച്ച് പ്രചാരണം തുടങ്ങാനുള്ള രീതിയിൽ തന്നെയാണ് എൽഡിഎഫ് ഒരുങ്ങിയിരിക്കുന്നത്.


