തന്റെ പേരിലുള്ള വ്യാജ ഫാൻസ് പേജില്‍ നിന്നും മറ്റ് സിനിമകളെ ഡീഗ്രേഡ് ചെയ്യുന്ന പോസ്റ്റുകള്‍ക്കെതിരെ പ്രതികരിച്ച് ആന്റണി വർഗീസ്.കാട്ടാളൻ സിനിമയെ ചില ഗൂഢ ആള്ക്കാർ മനഃപൂർവം നെഗറ്റീവ് പറഞ്ഞു പോസ്റ്റ് ഇട്ട് നശിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും, ഒരാഴ്ച മുൻപ് ഇറങ്ങിയ ഒരു സീരിയല്‍ നിലവാരം പോലും ഇല്ലാത്ത ദൃശ്യം3 യുടെ പിആർ ടീം ആണ് ഇതിന് പിന്നിലെന്നും അവരുടെ മോശം റിവ്യൂ ആരും വിശ്വസിക്കരുതെന്നുമായിരുന്നു ആന്റണി വർഗീസ് ഫാൻസ് പേജ് എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നും വന്ന പോസ്റ്റിന്റെ ഉള്ളടക്കം. ഇതിനെതിരെയാണ് താരം രംഗത്തെത്തിയത്.
തന്റെ ഫാൻസ് പേജ് എന്ന പേരില്‍ ഫേസ്ബുക്കിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നും പ്രസ്തുത പേജിന് താനുമായോ തന്റെ ആരാധകരുമായോ ബന്ധമില്ലെന്ന് താരം കുറിച്ചു. “എന്റെ ഫാന്‍ പേജ് എന്ന പേരില്‍ ഒരു വ്യാജ ഫെയ്സ്ബുക്ക് പേജിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഈ പേജിന് ഞാനുമായോ എന്റെ ആരാധകരുമായോ യാതൊരു ബന്ധവുമില്ലെന്ന് അറിയിക്കുന്നു. അനാവശ്യമായ ആരോപണങ്ങളും നാടകീയതയും സൃഷ്ടിക്കാനായി ബോധപൂര്‍വ്വം വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുകയാണിവര്‍. ഇവിടെ പോസ്റ്റ് ചെയ്യുന്നതൊന്നും വിശ്വസിക്കുകയോ പങ്കുവെക്കുകയോ ഇതുമായി ഇടപെടുകയോ ചെയ്യരുത്. ഇക്കാര്യം ശ്രദ്ധയില്‍പെടുത്തിയവര്‍ക്ക് നന്ദി.” ആന്റണി വർഗീസ് കുറിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മികച്ച പ്രതികരണങ്ങളുമായി കാട്ടാളൻ
അതേസമയം പോള്‍ ജോർജ് സംവിധാനം ചെയ്ത കാട്ടാളൻ ഇന്ന് തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രം നേടുന്നുന്നത്. പുഷ്പ, ജയിലർ എന്നിവയിലൂടെ ശ്രദ്ധനേടിയ തെലുങ്ക് താരം സുനില്‍, മാർക്കോയിലൂടെ മലയാളത്തിലെത്തി ശ്രദ്ധനേടിയ കബീർദുഹാൻ സിങ്, പുഷ്പ ഫെയിം തെലുങ്കു താരം രാജ് തിരാണ്ടുസു, ‘കില്‍’ എന്ന ബ്ലോക്ക്ബസ്റ്റർ ഹിന്ദി ചിത്രത്തിലൂടെ പ്രശംസ നേടിയ ബോളിവുഡ് താരം പാർഥ് തിവാരി, മലയാളത്തില്‍നിന്ന് ജഗദീഷ്, സിദ്ദിഖ്, വ്ളോഗറും ഗായകനുമായ ഹനാൻഷാ, ഹിപ്സ്റ്റർ എന്നിവരും അഭിനയിച്ചിട്ടുണ്ട്. പ്രേക്ഷകരെ ഒരേ സമയം അമ്പരപ്പിക്കുകയും ത്രസിപ്പിക്കുകയും ചെയ്യുന്ന സംഘട്ടന രംഗങ്ങള്‍ ചിത്രത്തിന്റെ ഹൈലൈറ്റ്. രവി ബസ്റൂർ ഒരുക്കിയ പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നുണ്ട്.


