ആലപ്പുഴ: കനാലുകളില്‍ ഇറച്ചിമാലിന്യം വ്യാപകമായി തള്ളുന്നത് നഗരത്തില്‍ പെരുമ്പാമ്പുകള്‍ പെരുകാൻ കാരണമാകുന്നു. കോടതിപ്പാലത്തിനു സമീപമുള്ള അമ്പലപ്പുഴ താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ ഓഫീസ് പരിസരത്തുനിന്ന് ബുധനാഴ്ചയും പെരുമ്പാമ്പിനെ പിടികൂടി. പകല്‍ 10.30 ഓടെ വനംവകുപ്പിന്റെ സർപ്പ പ്രതിനിധി ജിബിൻ ആണ് പാമ്പിനെ പിടിച്ചത്. ഓഫീസിനു മുന്നിലെ വലയില്‍ തലഭാഗം ഉടക്കിയ നിലയിലായിരുന്നു പാമ്പ്. ചൊവ്വാഴ്ചയും ഇതേ സ്ഥലത്തുനിന്ന് മറ്റൊരു പെരുമ്പാമ്പിനെ പിടികൂടിയിരുന്നു. ജനുവരിയില്‍ നാലു പാമ്പുകളെ ശവക്കോട്ടപ്പാലത്തിനു സമീപത്തുനിന്നും കഴിഞ്ഞദിവസങ്ങളില്‍ കളർകോട് ഭാഗത്തുനിന്നും സർപ്പ പ്രതിനിധികള്‍ പിടികൂടിയിരുന്നു. ആലപ്പുഴ നഗരത്തില്‍ ഇത്രയധികം പെരുമ്പാമ്പുകള്‍ പെരുകുന്നത് ഇതാദ്യമായാണെന്ന് അധികൃതരും നാട്ടുകാരും ചൂണ്ടിക്കാട്ടുന്നു.
കനാലില്‍ കോഴിമാലിന്യം ഉള്‍പ്പെടെയുള്ളവ തള്ളുന്നതാണ് പാമ്പുകളുടെ എണ്ണം വർധിക്കാൻ പ്രധാന കാരണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അറവുശാലകളിലെ മാലിന്യവും ഇവ വൃത്തിയാക്കുന്ന വെള്ളവും പലയിടങ്ങളിലും കനാലുകളിലേക്കാണ് ഒഴുക്കുന്നത്. വേണ്ടത്ര ആഹാരം യഥേഷ്ടം ലഭിക്കുന്നതിനാല്‍ ഇവ ഇവിടെ പെറ്റുപെരുകുകയാണ്. മറ്റു പാമ്പുകള്‍ ഒരുസമയം പത്തോ പതിനഞ്ചോ മുട്ടകള്‍ വിരിയിക്കുമ്പോള്‍ പെരുമ്പാമ്പുകള്‍ നാല്‍പ്പതില്‍പ്പരം മുട്ടകളാണ് വിരിയിക്കുന്നത്. ഇരുമ്പുപാലം, ശവക്കോട്ടപ്പാലം, എ എസ് കനാല്‍ തുടങ്ങിയ കനാലുകളിലും കാടുമൂടിയ ഇടങ്ങളിലും കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ പാമ്പുകള്‍ താവളമടിച്ചിട്ടുണ്ട്. ഇവ രാത്രികാലങ്ങളില്‍ റോഡുകളിലേക്കും ഇഴഞ്ഞെത്താറുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിഷമില്ലെങ്കിലും പെരുമ്പാമ്പിന്റെ കടിയേറ്റാല്‍ ആഘാതം വളരെ കൂടുതലായിരിക്കും. രക്തക്കുഴലുകള്‍ മുറിയാനും വലിയതോതില്‍ രക്തസ്രാവം ഉണ്ടാകാനും അണുബാധയ്ക്കും സാധ്യതയുള്ളതിനാല്‍ കടിയേറ്റാല്‍ ഉടൻ ആശുപത്രിയില്‍ എത്തിക്കണം. ജീവൻ അപകടത്തിലാണെന്ന് തോന്നിയാല്‍ ഇവ മനുഷ്യനെ ചുറ്റിവരിയാനും ശ്രമിക്കാറുണ്ടെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നല്‍കുന്നു. ഇതിനിടെ എടത്വാ തലവടി പഞ്ചായത്തിലെ 13-ാം വാർഡില്‍ തുണ്ടിയില്‍ ജോർജുകുട്ടിയുടെ വീട്ടിലെ കോഴിക്കൂട്ടില്‍ കയറിക്കൂടിയ പെരുമ്പാമ്പിനെയും കഴിഞ്ഞ ദിവസം പിടികൂടി വനപാലകർക്ക് കൈമാറി. ബുധനാഴ്ച പുലർച്ചെ കോഴികളുടെ ശബ്ദം കേട്ട് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് വലിയ പാമ്പിനെ കണ്ടെത്തിയത്. കൂട്ടിലുണ്ടായിരുന്ന ഭൂരിഭാഗം കോഴികളെയും ഇത് ഭക്ഷിച്ചിരുന്നു. സ്നേക്ക് റെസ്ക്യൂ പ്രവർത്തകൻ ചാർലി വർഗീസ് സ്ഥലത്തെത്തിയാണ് പാമ്പിനെ സുരക്ഷിതമായി പിടികൂടിയത്.


