മസാലബോണ്ട് കേസ്: ഇ.ഡിക്ക് താൽക്കാലിക ആശ്വാസം;ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു

കൊച്ചി:മസാലബോണ്ട് വിഷയത്തിൽ കിഫ്ബിക്ക് നോട്ടിസ് അയച്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) താൽക്കാലിക ആശ്വാസം. ഇ.ഡി നോട്ടിസിന്റെ അടിസ്ഥാനത്തിലുള്ള തുടർനടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു.ജസ്റ്റിസുമാരായ സുശ്രുത് അരവിന്ദ് ധർമാധികാരി, പി.വി. ബാലകൃഷ്ണൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്തിരിക്കുന്നത്. കേസ് വീണ്ടും പരിഗണിക്കുന്ന ജനുവരി 5 വരെ സ്റ്റേ തുടരും. ഈ കാലയളവിൽ കിഫ്ബി വിഷയത്തിൽ നിയമനടപടികളുമായി ഇ.ഡിക്ക് മുന്നോട്ടുപോകാൻ കോടതി അനുമതി നൽകി.

Advertisements

വിദേശത്തുനിന്ന് മസാലബോണ്ട് വഴി സമാഹരിച്ച തുക ഭൂമി വാങ്ങാൻ ഉപയോഗിച്ചുവെന്നാരോപിച്ച് കിഫ്ബിക്കെതിരെ ഇ.ഡി നൽകിയ കാരണം കാണിക്കൽ നോട്ടിസിന്റെ തുടർനടപടികളാണ് നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് മൂന്നു മാസത്തേക്ക് സ്റ്റേ ചെയ്തിരുന്നത്. ഈ ഉത്തരവിനെതിരെയാണ് ഇ.ഡി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.ഫെമ നിയമലംഘനം ഉണ്ടായിട്ടില്ലെന്നും, ഇ.ഡി സ്പെഷ്യൽ ഡയറക്ടർ (അഡ്ജുഡിക്കേഷൻ) നൽകിയ കാരണം കാണിക്കൽ നോട്ടിസും പരാതിയും റദ്ദാക്കണമെന്നുമായിരുന്നു കിഫ്ബിയുടെ ആവശ്യം. അടിസ്ഥാന സൗകര്യ വികസനത്തിനായി ഭൂമി ഏറ്റെടുത്തത് റിയൽ എസ്റ്റേറ്റ് പ്രവർത്തനമല്ലെന്നും കിഫ്ബി വാദിച്ചിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ വാദങ്ങൾ അംഗീകരിച്ചായിരുന്നു സിംഗിൾ ബെഞ്ച് ഇ.ഡി നടപടികൾ സ്റ്റേ ചെയ്തത്.എന്നാൽ അപ്പീലിൽ കേന്ദ്ര സർക്കാർ, കാരണം കാണിക്കൽ നോട്ടിസ് മാത്രമാണ് നൽകിയിരിക്കുന്നതെന്നും ഈ ഘട്ടത്തിൽ ഹർജി അപക്വമാണെന്നും അതിനാൽ നിലനിൽക്കില്ലെന്നും വാദിച്ചു. വിദേശത്തുനിന്ന് വായ്പയെടുക്കുന്നത് ആർബിഐയുടെ നിർദേശങ്ങളുടെ പരിധിയിൽ വരുന്നതാണെന്നും, ആ ഫണ്ട് ഇന്ത്യയിൽ ഭൂമി വാങ്ങാൻ ഉപയോഗിക്കാനാവില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.തുടർന്നാണ് ഡിവിഷൻ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഇ.ഡി നോട്ടിസ് ചോദ്യം ചെയ്ത് കിഫ്ബി ചെയർമാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയനും ബോർഡ് ഡയറക്ടർമാരും സമർപ്പിച്ച ഹർജിയിലും സിംഗിൾ ബെഞ്ച് തുടർനടപടികൾ താൽക്കാലികമായി തടഞ്ഞിരുന്നു.

Hot Topics

Related Articles