ചങ്ങനാശേരി: കൊലപാതകം അടക്കം നിരവധി ക്രിമിനൽക്കേസിൽ പ്രതിയും കഴിഞ്ഞ ദിവസം ആയുധം കൈവശം വച്ചതിന് അറസ്റ്റിലായ യുവാവിനെ കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കി. തൃക്കൊടിത്താനം ആരമല ഭാഗം താഴത്തുപറമ്പിൽ വീട്ടിൽ സിജോ സെബാസ്റ്റ്യൻ (സിജോണി)യെയാണ് ജില്ലാ പൊലീസ് കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കിയത്. കോട്ടയം ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവിനെ തുടർന്ന് ജയിലിലടച്ചത്.
കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സിജോ സെബാസ്റ്റ്യൻ തൃക്കൊടിത്താനം, ചങ്ങനാശ്ശേരി, തൃശ്ശൂർ എന്നിവിടങ്ങളിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ പ്രതിയാണ് . സംഘടിത കുറ്റകൃത്യങ്ങളിൽ സജീവ പങ്കാളിയായ ഇയാൾ നിയമപരമായ ലൈസൻസോ രേഖകളോ ഇല്ലാതെ ആയുധങ്ങൾ കൈവശം വെച്ചും പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന രീതിയിൽ പ്രവർത്തിച്ചുവരുന്നയാളാണെന്ന് കാപ്പാ റിപ്പോർട്ടിൽ പൊലീസ് പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇത്തരം പ്രവർത്തനങ്ങൾ തുടർച്ചയായി ആവർത്തിക്കുന്ന സാഹചര്യത്തിൽ കേരള സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം 2007 വകുപ്പ് 3(1) പ്രകാരം കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. തുടർന്ന് സിജോ സെബാസ്റ്റ്യനെ പിടികൂടി വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലാക്കി.
ജില്ലയിൽ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

