തിരുവനന്തപുരം :സ്ത്രീശാക്തീകരണത്തിലൂടെ സ്ത്രീകളുടെ സാമൂഹ്യപദവി ഉയർത്താനും, സ്ത്രീ–ശിശു ക്ഷേമ പദ്ധതികൾ കൂടുതൽ ഫലപ്രദമായി അവരിലെത്തിക്കാനും ലക്ഷ്യമിട്ട് കേരള വനിതാ കമ്മീഷൻ സംഘടിപ്പിക്കുന്ന ‘മുഖാമുഖം’ പരിപാടി ഒക്ടോബർ 13ന് ആരംഭിക്കും. മൂന്ന് ദിവസങ്ങളിലായി തിരുവനന്തപുരം ജില്ലാപഞ്ചായത്ത് ഹാളിലാണ് പരിപാടി നടക്കുക.മന്ത്രിമാരായ വീണാ ജോർജ്, എം.ബി. രാജേഷ്, പി.എ. മുഹമ്മദ് റിയാസ് തുടങ്ങിയവർ വിവിധ സെഷനുകളിൽ പങ്കെടുക്കും.സ്ത്രീകളുടെ പ്രശ്നങ്ങൾ നേരിട്ട് സമൂഹത്തിന്റെ എല്ലാ തലങ്ങളിലും നിന്നു പഠിച്ച് സർക്കാരിന് ശുപാർശകൾ സമർപ്പിക്കാനുള്ള കമ്മീഷന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു.
പദ്ധതിയുടെ ആദ്യ ദിനം “നാം മുന്നോട്ട് -സ്ത്രീശക്തി വരും നാളുകളിൽ” എന്ന വിഷയത്തിലാണ് മുഖാമുഖം നടക്കുന്നത്. ആരോഗ്യ മന്ത്രി വീണാ ജോർജ് പരിപാടി ഉദ്ഘാടനം ചെയ്യും. സർക്കാർ പ്ലീനറും പബ്ലിക് പ്രോസിക്യൂട്ടറുമായ ഡോ. ടി. ഗീനാകുമാരി വിഷയാവതരണം നടത്തും. കമ്മീഷനുമായി ബന്ധമുള്ള സന്നദ്ധ സംഘടനാ പ്രതിനിധികളും വുമൺ ഫെസിലിറ്റേറ്റർമാരും ആദ്യ ദിവസത്തെ ചർച്ചകളിൽ പങ്കെടുക്കും.രണ്ടാം ദിനം “നൂതന കുടുംബശ്രീ സംരംഭങ്ങൾ സാധ്യത, അവലോകനം” എന്നതാണ് വിഷയം. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് സെഷൻ ഉദ്ഘാടനം ചെയ്യും. കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പുകൾ മുഖേന യുവതികളുടെ സാമൂഹിക, സാംസ്കാരിക, ഉപജീവന മേഖലകളിലെ പങ്കാളിത്തം വർധിപ്പിക്കുന്ന പുതിയ തൊഴിൽ സാധ്യതകൾ ചർച്ച ചെയ്യും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുടുംബശ്രീ സംസ്ഥാന മിഷൻ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ നവീൻ സി. വിഷയാവതരണം നടത്തും.മൂന്നാം ദിനം “സ്ത്രീശാക്തീകരണം ഉത്തരവാദിത്ത ടൂറിസത്തിലൂടെ” എന്ന വിഷയത്തിൽ ചർച്ച നടക്കും. പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സെഷൻ ഉദ്ഘാടനം ചെയ്യും. കേരള റെസ്പോൺസിബിൾ ടൂറിസം മിഷൻ സൊസൈറ്റി സിഇഒ രൂപേഷ് കുമാർ വിഷയാവതരണം നടത്തും. വിവിധ ടൂറിസം ക്ലബ്ബുകൾ, ഉത്തരവാദിത്ത ടൂറിസം രംഗത്തെ വനിതാ സംരംഭകർ, വിദ്യാർത്ഥി കൂട്ടായ്മകൾ എന്നിവർ പങ്കാളികളാകും.


