കോട്ടയം :കോട്ടയം മെഡിക്കൽ കോളേജിൽ ശ്വാസകോശം മാറ്റിവെക്കുന്ന ശസ്ത്രക്രിയയ്ക്ക് വിധേയയായി ചികിത്സയിൽ കഴിയുകയായിരുന്ന യുവതി മരിച്ചു. എരുമേലി ഇരുമ്പൂന്നിക്കര പാറപ്പള്ളിയിൽ ദിലീപിന്റെയും ഇന്ദുവിന്റെയും മകൾ പി.ഡി. ദിവ്യമോൾ (27) ആണ് മരിച്ചത്.കളനാശിനി കഴിച്ചതിനെ തുടർന്ന് രണ്ട് മാസം മുമ്പ് ദിവ്യയെ പാലായിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നില ഗുരുതരമായതോടെ പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിറുത്തിയിരുന്നത്.കഴിഞ്ഞ മാസം 22-നാണ് ദിവ്യയ്ക്ക് ശ്വാസകോശമാറ്റ ശസ്ത്രക്രിയ നടത്തിയത്. പൂജപ്പുര സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോമിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ എ.ആർ. അനീഷ് മസ്തിഷ്കമരണം സംഭവിച്ച ശേഷം ദാനം ചെയ്ത ശ്വാസകോശമാണ് ദിവ്യയ്ക്ക് മാറ്റിവെച്ചത്. എന്നാൽ ചികിത്സഫലമാകാതെ ഇന്നലെ രാവിലെ ദിവ്യ അന്തരിച്ചു.ദിവ്യയുടെ ഭർത്താവ് അശോകൻ, സഹോദരൻ ദിലു എന്നിവരാണ് അവശേഷിക്കുന്നത്. സംസ്കാരം നടത്തി


