മനില :ദക്ഷിണ ചൈന കടലിൽ നങ്കൂരമിട്ടിരുന്ന ഫിലിപ്പീൻസ് നാവികസേനയുടെ കപ്പലിന് നേരെ ചൈനീസ് കപ്പൽ ഇടിച്ചുകയറ്റിയെന്ന് ആരോപണം. ചൈനീസ് നാവികസേനാംഗങ്ങൾ ഫിലിപ്പീൻസ് കപ്പലിന് നേരെ ജലപീരങ്കി പ്രയോഗിച്ചതായും റിപ്പോർട്ടുണ്ട്.ഇരുരാജ്യങ്ങളും അവകാശവാദം ഉന്നയിക്കുന്ന തിടു ദ്വീപിനടുത്താണ് സംഭവം. ജീവനക്കാർക്ക് പരിക്കുകളൊന്നും ഉണ്ടായിട്ടില്ലെന്ന് ഫിലിപ്പീൻസ് കോസ്റ്റ് ഗാർഡ് അറിയിച്ചു.സംഭവസമയത്ത് സർക്കാർ ഉടമസ്ഥതയിലുള്ള ബിആർപി ദതു പഗ്ബുവായ ഉൾപ്പെടെ മൂന്നു ഫിലിപ്പീൻസ് കപ്പലുകൾ ദ്വീപിനരികിൽ നങ്കൂരമിട്ടിരുന്നതായും അവർ വ്യക്തമാക്കി. പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട സർക്കാർ പരിപാടിയുടെ ഭാഗമായാണ് കപ്പലുകൾ അവിടെ ഉണ്ടായിരുന്നത്.
അവിടെത്തിയ ചൈനീസ് കപ്പൽ ആദ്യം ബിആർപി ദതു പഗ്ബുവായയ്ക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു. ഏകദേശം മൂന്നുമിനിറ്റിനു ശേഷം ചൈനീസ് കപ്പൽ നേരിട്ട് ഫിലിപ്പീൻസ് കപ്പലിലേക്ക് ഇടിച്ചുകയറ്റി.സംഭവത്തിന് പൂർണ ഉത്തരവാദിത്തം ഫിലിപ്പീൻസിനാണെന്ന് ചൈനീസ് കോസ്റ്റ് ഗാർഡ് പ്രസ്താവിച്ചു. ഫിലിപ്പീൻസ് സർക്കാരിന്റെ രണ്ട് കപ്പലുകൾ ചൈനയുടെ അനുമതിയില്ലാതെ തർക്ക പ്രദേശത്തേക്ക് കടന്നുവന്നതായും ചൈന ആരോപിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഫിലിപ്പീൻസ് കപ്പലാണ് അപകടകരമായി ചൈനീസ് കപ്പലിന് സമീപമെത്തിയതെന്നുമാണ് ചൈനയുടെ വിശദീകരണം.ദക്ഷിണ ചൈന കടലിൻ്റെ ഭൂരിഭാഗവും തങ്ങളുടേതാണെന്ന് ചൈനയുടെ അവകാശവാദം. എന്നാൽ ആ അവകാശവാദങ്ങൾക്ക് നിയമപരമായ സാധുതയില്ലെന്ന് ഹേഗിലെ അന്താരാഷ്ട്ര കോടതി ഒമ്പത് വർഷം മുൻപ് തന്നെ വ്യക്തമാക്കിയിരുന്നു.


