മോസ്കോ :ആണവായുധം വഹിക്കാൻ ശേഷിയുള്ള അന്തർവാഹിനി ഡ്രോൺ വിജയകരമായി വികസിപ്പിച്ച് പരീക്ഷിച്ചതായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പ്രഖ്യാപിച്ചു. ‘പൊസെയ്‌ഡൺ’ എന്ന പേരിലുള്ള സൂപ്പർ ടോർപിഡോയാണ് റഷ്യ വിജയകരമായി പരീക്ഷിച്ചതെന്ന് പുടിൻ അറിയിച്ചു. ലോകത്ത് ഇത്തരത്തിലുള്ള ആയുധം ആദ്യമായാണുണ്ടാകുന്നതെന്നും അതിനെ പ്രതിരോധിക്കാൻ യാതൊരു സാങ്കേതികവിദ്യക്കും കഴിയില്ലെന്നും പുടിൻ അവകാശപ്പെട്ടു.‘ലോകത്ത് ഇതുപോലെ വേഗതയിലും കൃത്യതയിലും മുന്നേറിയ മറ്റൊരു ആയുധമില്ല. അന്തർവാഹിനിയിൽനിന്ന് നേരിട്ട് പ്രയോഗിക്കാവുന്ന ആണവ ശേഷിയുള്ള ഡ്രോണാണ് പൊസെയ്‌ഡൺ,’ പുടിൻ പറഞ്ഞു.
ഗ്രീക്ക് കടൽദേവനായ പൊസെയ്‌ഡണിന്റെ പേരിലാണ് ഈ ആളില്ലാ സൂപ്പർ ടോർപിഡോയ്ക്ക് പേര് നൽകിയിരിക്കുന്നത്. ആണവോർജത്തിലാണ് ഇതിന്റെ പ്രവർത്തനം. 10,000 കിലോമീറ്റർ ദൂരപരിധിയും മണിക്കൂറിൽ 185 കിലോമീറ്റർ വേഗതയും പൊസെയ്‌ഡണിനുണ്ട്.സമുദ്രാന്തർവാഹിനിയുടെയും ഡ്രോണിന്റെയും സവിശേഷതകൾ ഉൾക്കൊള്ളുന്ന ഈ ഹൈബ്രിഡ് ഉപകരണം 20 മീറ്റർ നീളവും 1.8 മീറ്റർ വ്യാസവും 100 ടൺ ഭാരവും വഹിക്കുന്നു. അമേരിക്കയും സഖ്യകക്ഷികളും ഇതിനെ “കാന്യൻ” എന്ന് വിളിക്കുന്നുണ്ട്. രണ്ട് മെഗാടൺ വരെ ആണവ പോർമുന വഹിക്കാനുള്ള ശേഷിയും ഈ ടോർപിഡോയ്ക്കുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ ദിവസം റഷ്യ ആണവോർജത്തിൽ പ്രവർത്തിക്കുന്ന ‘ബ്യൂരെവെസ്റ്റ്‌നിക്’ ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ആണവോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്നതിനാൽ മിസൈലിന് പരിധിയില്ലാതെ പറക്കാമെന്നതാണ് അതിന്റെ പ്രത്യേകത.യുക്രെയിൻ യുദ്ധത്തെ തുടർന്നുള്ള പാശ്ചാത്യ സമ്മർദവും യുഎസ് ഭീഷണികളും ശക്തമായിരിക്കെ, റഷ്യയുടെ ആണവശേഷിയും പ്രതിരോധ കരുത്തും തെളിയിക്കാനുള്ള പുടിൻ്റെ ഈ പ്രഖ്യാപനം ആഗോള തലത്തിൽ ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്.

