കൊച്ചി:തദ്ദേശ തിരഞ്ഞെടുപ്പിൽ നടൻ മമ്മൂട്ടിക്ക് വോട്ട് ചെയ്യാൻ സാധിച്ചില്ല. വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടാത്തതാണ് പ്രശസ്ത നടൻ വോട്ട് ചെയ്യാനാകാതെ പോയതിന് കാരണം. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിലും ഇതേ പ്രശ്നം നേരിട്ടിരുന്നു.മമ്മൂട്ടിയും കുടുംബവും നേരത്തെ പനമ്പിള്ളി നഗറിൽ താമസിച്ചിരുന്നപ്പോൾ പനമ്പിള്ളി നഗർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു അവരുടെ പോളിംഗ് ബൂത്ത്. എന്നാൽ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ മമ്മൂട്ടി എളംകുളത്തേക്കു താമസം മാറി. താമസം മാറ്റിയതിനുശേഷം ആ തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും മമ്മൂട്ടി വോട്ട് ചെയ്തിരുന്നു.
അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് രാവിലെ ആരംഭിച്ച് ഒരു മണിക്കൂർ പിന്നിട്ടപ്പോൾ സംസ്ഥാനത്തുടനീളം 7.5 ശതമാനം പോളിംഗ് രേഖപ്പെടുത്തി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ 8 ശതമാനവും ഇടുക്കി, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ 7 ശതമാനവും എറണാകുളത്ത് 8.5 ശതമാനവും വോട്ട് രേഖപ്പെടുത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിരുവനന്തപുരം, കൊല്ലം, കൊച്ചി കോർപറേഷനുകൾ ഉൾപ്പെടെ സംസ്ഥാനത്തെ 595 തദ്ദേശ സ്ഥാപനങ്ങളിലെ 11,168 വാർഡുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഒന്നാം ഘട്ടത്തിൽ 15,432 പോളിംഗ് സ്റ്റേഷനുകളാണ് ക്രമീകരിച്ചിട്ടുള്ളത്. അതിൽ 480 ബൂത്തുകൾ പ്രശ്നബാധിതമായി തിരിച്ചറിഞ്ഞിട്ടുണ്ട്.


