തിരുവനന്തപുരം:വോട്ടർ പട്ടികയുടെ തീവ്ര പുനഃപരിശോധന നടപടികളിൽ ഗുരുതരമായ അപാകതകളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.സംസ്ഥാനത്ത് തയ്യാറാകുന്ന കരട് വോട്ടർ പട്ടികയിൽ നിന്ന് ഏകദേശം 25 ലക്ഷം പേരെ ഒഴിവാക്കിയെന്ന വാർത്ത വലിയ ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.മരിച്ചവർ, സ്ഥിരമായി സ്ഥലം മാറിയവർ, ഇരട്ട രജിസ്ട്രേഷൻ ഉള്ളവർ, കണ്ടെത്താനാകാത്തവർ എന്നിവർക്കൊപ്പം “മറ്റുള്ളവർ” എന്ന വിഭാഗം ചൂണ്ടിക്കാട്ടിയും വോട്ടർ പട്ടികയിൽ നിന്ന് വലിയ തോതിൽ പേരുകൾ ഒഴിവാക്കപ്പെടുന്നതാണ് ഏറ്റവും ഗുരുതരമായ പ്രശ്നമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആരെയാണ് “മറ്റുള്ളവർ” എന്ന് പറയുന്നതെന്ന കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പോലും വ്യക്തതയില്ല എന്നത് അതീവ ഗൗരവമുള്ള വിഷയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അപാകതകൾ നിറഞ്ഞ പട്ടികയാണ് നിലവിൽ തയ്യാറാകുന്നതെന്ന കാര്യത്തിൽ സംശയമില്ല. സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി ഒരു പൗരന്റെ വോട്ടവകാശം നിഷേധിക്കപ്പെടരുത്. സമ്മതിദാനാവകാശം ജനാധിപത്യ സമൂഹത്തിൽ പ്രായപൂർത്തിയായ ഓരോ പൗരനും ഉറപ്പാക്കേണ്ട അവകാശമാണെന്നും അത് നിഷേധിക്കുന്നത് ജനാധിപത്യത്തിന്റെ അടിത്തറ തകർക്കുന്നതിന് തുല്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.കേരളത്തിൽ ഇതിന് മുമ്പ് എസ്ഐആർ നടപടികൾ നടന്നത് 2002-ലായിരുന്നു. അന്ന് 18 വയസിന് താഴെയായിരുന്നവർ അതായത് ഇന്ന് 40 വയസിന് താഴെയുള്ളവർ — വോട്ടർ പട്ടികയിൽ ഇടം നേടാൻ ബന്ധുത്വം തെളിയിക്കേണ്ട അവസ്ഥയിലായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇത് പൂർത്തിയാക്കാൻ കഴിയാത്തതിനാൽ ഒരു ജില്ലയിൽ തന്നെ ഏകദേശം രണ്ട് ലക്ഷം പേർക്ക് വോട്ടർ പട്ടികയിൽ അർഹത നഷ്ടമായ അവസ്ഥ നിലവിലുണ്ടെന്ന് ലഭ്യമായ വിവരങ്ങൾ സൂചിപ്പിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.വേണ്ടത്ര സുതാര്യതയില്ലാതെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ മുഴുവൻ നടപടികളും നടപ്പാക്കിയതെന്നും, ദീർഘകാല തയ്യാറെടുപ്പും ചർച്ചകളും ആവശ്യമായ വോട്ടർ പട്ടിക പരിഷ്കരണം അനാവശ്യ തിടുക്കത്തോടെ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടയിൽ തന്നെ നടത്തിയത് നിലവിലെ പ്രതിസന്ധിക്ക് കാരണമായെന്നും അദ്ദേഹം ആരോപിച്ചു. ബിഎൽഒമാരെ തിടുക്കത്തിലാക്കി സമ്മർദ്ദത്തിലാക്കുന്ന ഈ നടപടികൾ പുനഃപരിശോധിക്കണമെന്ന് സർക്കാർ അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ നേരത്തേ തന്നെ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അത് കമ്മീഷൻ അംഗീകരിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.2025 സെപ്തംബറിൽ നടന്ന സ്പെഷ്യൽ സമ്മറി റിവിഷനിൽ വോട്ടർ പട്ടികയിൽ പേര് ഉൾപ്പെട്ടിരുന്ന അർഹതയുള്ള ഒരാളെയും പോലും എസ്ഐആർ നടപടിയുടെ പേരിൽ പുതുക്കിയ പട്ടികയിൽ നിന്ന് ഒഴിവാക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
എസ്ഐആറുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും രാഷ്ട്രീയ പാർട്ടികൾക്കും പൊതുജനങ്ങൾക്കും ലഭ്യമാകുന്ന രീതിയിൽ കമ്മീഷന്റെ വെബ്സൈറ്റിൽ സുതാര്യമായി പ്രസിദ്ധീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സംസ്ഥാനത്തെ അർഹരായ അവസാനത്തെ പൗരനെയും വരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള എല്ലാ നടപടികളും തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിക്കണമെന്നും, അതിന് ആവശ്യമായ എല്ലാ സഹായങ്ങളും സംസ്ഥാന സർക്കാർ നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇതിന്റെ ഭാഗമായാണ് കേരള സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞു.വോട്ടർ പട്ടിക പരിഷ്കരണത്തിലെ അപാകതകൾ സുപ്രീം കോടതി തന്നെ ഗൗരവമായി പരിഗണിച്ചിട്ടുണ്ടെന്നും, സംസ്ഥാന സർക്കാർ ഉന്നയിച്ച ആശങ്കകൾക്ക് പരിഹാരം ഉണ്ടാകണമെന്ന നിർദ്ദേശവും കോടതി നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെയുള്ള നടപടികൾ പുനഃപരിശോധിക്കുകയും അനാവശ്യ തിടുക്കം ഒഴിവാക്കുകയും വേണം. സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി വോട്ടർമാരെ പുറത്താക്കുകയല്ല, ജനാധിപത്യ മൂല്യങ്ങൾ മുൻനിർത്തി അർഹരായ എല്ലാവരെയും ഉൾക്കൊള്ളുകയാകണം വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ അടിസ്ഥാനമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.


