അഹമ്മദാബാദ്: ഗുജറാത്തിൽ എടിഎസ് പിടികൂടിയ ഡോക്ടർ അടക്കമുള്ള സംഘം മാരക വിഷം “റൈസിൻ” നിർമ്മിച്ചിരുന്നതായി വെളിപ്പെട്ടു. ആവണക്കെണ്ണയിൽ നിന്നാണ് വിഷം തയ്യാറാക്കാൻ ശ്രമിച്ചിരുന്നത്. ലക്ഷ്യമിട്ടിരുന്നത് ആർഎസ്‌എസ് ഓഫീസുകളും മറ്റു മത-സാമൂഹിക സംഘടനകളുടെ കെട്ടിടങ്ങളുമാണെന്നാണ് അന്വേഷണത്തിൽ നിന്നുള്ള സൂചന.ആന്റി ടെററിസം സ്‌ക്വാഡ് (എടിഎസ്) അഹമ്മദാബാദിൽ നിന്ന് പിടികൂടിയത് ഡോ. അഹമ്മദ് മുഹിയുദ്ദീൻ സെയ്ദ്, മുഹമ്മദ് സുഹെൽ, ആസാദ് എന്നിവരെയാണ്.
ഇവരിൽ നിന്ന് നാല് ലിറ്റർ ആവണക്കെണ്ണ, രണ്ട് ഗ്ലോക്ക് പിസ്റ്റളുകൾ, ഒരു ബെറെറ്റ പിസ്റ്റൾ, 30 വെടിയുണ്ടകൾ എന്നിവയും പിടിച്ചെടുത്തതായി എടിഎസ് അറിയിച്ചു.അഹമ്മദ് മുഹിയുദ്ദീൻ റൈസിൻ നിർമിക്കാൻ ഏറെനാളായി പരീക്ഷണ നിരീക്ഷണങ്ങൾ നടത്തി വന്നിരുന്നതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പാകിസ്ഥാനിലെ വ്യക്തികളുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നതായും, അഫ്ഗാനിസ്ഥാനിൽ ആസ്ഥാനമുള്ള ഇസ്ലാമിക് സ്റ്റേറ്റ്-ഖൊറാസാൻ പ്രവിശ്യ (ഐഎസ്‌കെപി) ഹാൻഡ്‌ലർ അബു ഖാദിജയുമായി ബന്ധമുണ്ടായിരുന്നതായും എടിഎസ് വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അഹമ്മദ് മുഹിയുദ്ദീൻ ചൈനയിൽ നിന്ന് എംബിബിഎസ് ബിരുദം നേടിയതായും, മുമ്പ് റെസ്റ്റോറന്റ് നടത്തിയിരുന്നിടത്താണ് റൈസിൻ സൂക്ഷിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. പാകിസ്ഥാനിൽ നിന്നുള്ള ഹാൻഡ്‌ലർമാരിൽ നിന്ന് നിർദ്ദേശങ്ങൾ ലഭിക്കാൻ ഇയാൾ കാത്തിരിക്കുകയായിരുന്നുവെന്നും എടിഎസ് പറഞ്ഞു.മൂവരും അഹമ്മദാബാദ്, ഡൽഹി, ലഖ്‌നൗ തുടങ്ങിയ നഗരങ്ങളിലെ ആർഎസ്‌എസ് ഓഫീസുകളും മറ്റ് സംഘടനകളുടെ കെട്ടിടങ്ങളും നിരീക്ഷണ വിധേയമാക്കിയിരുന്നതായും എടിഎസ് അറിയിച്ചു.


