ന്യൂഡൽഹി: റഷ്യയിൽ നിന്നുള്ള എസ്-400 വ്യോമ പ്രതിരോധ സംവിധാനത്തിന്റെ കൂടുതൽ യൂണിറ്റുകൾ ഇന്ത്യ സ്വന്തമാക്കാൻ ഒരുങ്ങുന്നു. പ്രതിരോധ മന്ത്രാലയം 5 എസ്-400 സംവിധാനങ്ങൾ കൂടി വാങ്ങുന്നതിനായി തയ്യാറെടുപ്പിലാണ്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ഈ ആഴ്ച നടക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.റഷ്യയും ഇന്ത്യയും ചേർന്ന് എസ്-400 സംവിധാനം സംയുക്തമായി നിർമ്മിക്കുന്നതിനെക്കുറിച്ചും ചർച്ചകൾ നടക്കും. പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ സമയത്ത് എസ്-400 സംവിധാനം നിർണായക പങ്ക് വഹിച്ചതായി പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ അടുത്ത ദിവസങ്ങളിൽ ഇന്ത്യയിലെത്താനിരിക്കുകയാണ്. അതിന് മുമ്പ് തന്നെ പുതിയ കരാറിനെക്കുറിച്ചുള്ള തീരുമാനം ഉണ്ടാകുമെന്ന് സൂചനയുണ്ട്.2018ലാണ് എസ്-400 സംവിധാനം വാങ്ങാനുള്ള കരാറിൽ ഇന്ത്യയും റഷ്യയും ആദ്യമായി ഒപ്പുവച്ചത്. അഞ്ച് യൂണിറ്റുകൾക്കായി 500 കോടി ഡോളറാണ് ഇന്ത്യ നൽകിയത്. ഇതിൽ മൂന്ന് യൂണിറ്റുകൾ ഇതിനകം ഇന്ത്യയിലെത്തിയിട്ടുണ്ട്.റഷ്യയിൽനിന്ന് മിസൈൽ പ്രതിരോധ സംവിധാനം വാങ്ങുന്നത് യുഎസിന്റെ ഉപരോധ ഭീഷണി ഉയർത്തിയെങ്കിലും, അത് വകവയ്ക്കാതെ ഇന്ത്യ കരാറുമായി മുന്നോട്ടുപോയിരുന്നു.

