അടിച്ചാൽ തിരിച്ചടിക്കും:പാക്കിസ്ഥാനെതിരെ കടന്നുകയറ്റമുണ്ടെങ്കിൽ കടുത്ത തിരിച്ചടിയുണ്ടാകുമെന്ന് പാകിസ്ഥാൻ സേനാ മേധാവി അസിം മുനീർ

ന്യൂഡൽഹി:ഇന്ത്യയെയും അഫ്ഗാനിസ്‌ഥാനെയും ഉന്നമിട്ട് പാക്കിസ്ഥാൻ സംയുക്‌തസേനാമേധാവി ഫീൽഡ് മാർഷൽ അസിം മുനീറിൻ്റെ ഭീഷണി.പാക്കിസ്ഥാനുനേരെ ഏതെങ്കിലും തരത്തിലുള്ള കടന്നുകയറ്റമുണ്ടായാൽ അതിവേഗത്തിലും അതികഠിനമായും തിരിച്ചടിക്കുമെന്ന് അസിം മുനീർ പറഞ്ഞു. സൈനിക ആസ്‌ഥാനത്ത് നൽകിയ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചശേഷം ഓഫിസർമാരെ അഭിസംബോധന ചെയ്യുകയായിരുന്നു മുനീർ. പാക്കിസ്ഥാൻ സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണെന്ന് അസിം മുനീർ അവകാശപ്പെട്ടു. എന്നാൽ പാക്കിസ്‌ഥാൻ്റെ ഐക്യവും അഖണ്ഡതയും സ്‌ഥിരതയും ഇല്ലാതാക്കാൻ ആരെയും അനുവദിക്കില്ലെന്നും മുനീർ പറഞ്ഞു.

Advertisements

അഫ്ഗാനിസ്‌ഥാനിലെ താലിബാൻ ഭരണകൂടത്തിന് അന്ത്യശാസനം നൽകിയിട്ടുണ്ടെന്ന് അസിം മുനീർ തുറന്നുപറഞ്ഞു. പാക്കിസ്‌ഥാനെയാണോ തെഹ്‌രികെ താലിബാൻ പാക്കിസ്‌ഥാനെയാണോ വേണ്ടതെന്ന് കാബൂളിലെ ഭരണകൂടത്തിന് തീരുമാനിക്കാം. അങ്ങനെയൊരു തീരുമാനമെടുക്കാതെ അവർക്ക് വഴിയില്ലെന്നും അസിം മുനീർ പറഞ്ഞു. തെഹ്‌രികെ താലിബാൻ പാക്കിസ്ഥാനെ പാക് ഭരണകൂടം നേരത്തേ ഫിത്ന അൽ-ഖവാരിജ് (രാജ്യദ്രോഹികളായി വിഘടനവാദികൾ) ആയി പ്രഖ്യാപിച്ചിരുന്നു.പുതിയ സ്‌ഥാനലബ്‌ധിയെ ‘ചരിത്രപരം’ എന്നാണ് അസിം മുനീർ വിശേഷിപ്പിച്ചത്. മാറിവരുന്ന ഭീഷണികളുടെ സ്വഭാവം കണക്കിലെടുക്കുമ്പോൾ മൂന്ന് സേനാവിഭാഗങ്ങളുടെയും ഫലപ്രദമായ ഏകോപനത്തിന് ഡിഫൻസ് ഫോഴ്സസ് ഹെഡ്‌ക്വാർട്ടേഴ്സസ് സുപ്രധാന പങ്കുവഹിക്കുമെന്ന് ആദ്യ സി.ഡി.എഫ് ആയ മുനീർ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കര, വ്യോമ, നാവികസേനകൾ അവയുടെ തനത് സ്വഭാവം നിലനിർത്തിക്കൊണ്ടുതന്നെ മുന്നോട്ടുപോകുമെന്നും കരസേനാമേധാവി കൂടിയായ മുനീർ പറഞ്ഞു. ഇരുപത്തേഴാം ഭരണഘടനാഭേദഗതി അനുസരിച്ചാണ് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് പദവി രൂപീകരിക്കപ്പെട്ടത്. ഇതോടെ എല്ലാ സേനാവിഭാഗങ്ങൾക്കും മേൽ മുനീറിന് പരമാധികാരമായി.പഹൽഗാം ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ ഏൽപ്പിച്ച ആഘാതവും നാശനഷ്ടങ്ങളുമാണ് പ്രതിരോധരംഗത്ത് പൊളിച്ചെഴുത്തിന് പാക്കിസ്ഥാനെ പ്രേരിപ്പിച്ചത്. സി.ഡി.എഫ് നിയമനം ഉൾപ്പെടെ സംഭവിച്ച മാറ്റങ്ങളെല്ലാം അസിം മുനീറിനെ സർവാധികാരിയാക്കി മാറ്റുന്ന തരത്തിലായി എന്നുമാത്രം. ‘ഓപ്പറേഷൻ സിന്ദൂർ’ അവസാനിച്ചിട്ടില്ലെന്നും ഏതെങ്കിലും ഭീകരാക്രമണം ഇന്ത്യക്കെതിരെ ഉണ്ടായാൽ ഭീകരരെ മാത്രമല്ല അതിന് പിന്നിൽ പ്രവർത്തിച്ചവരെയും ഭീകരരായിത്തന്നെ കണ്ട് തിരിച്ചടിക്കുമെന്നും ഇന്ത്യ ആവർത്തിച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.

Hot Topics

Related Articles