രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനം:ഹെലികോപ്റ്ററിന്‍റെ ടയറുകള്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നെന്നത് വസ്തുതാ വിരുദ്ധം; കെ യു ജനീഷ് കുമാര്‍ എംഎല്‍എ

പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശനവുമായി ബന്ധപ്പെട്ട് പ്രചരിച്ച “ഹെലികോപ്റ്ററിന്റെ ടയറുകൾ കോൺക്രീറ്റിൽ താഴ്ന്നു” എന്ന വാർത്ത പൂർണമായും വസ്തുതാ വിരുദ്ധമാണെന്ന് കോന്നി എം.എൽ.എ കെ. യു. ജനീഷ് കുമാർ വ്യക്തമാക്കി.ഹെലികോപ്റ്ററിന്റെ വീൽ താഴ്ന്നുപോയിട്ടില്ലെന്നും, എച്ച് മാർക്ക് ചെയ്ത സ്ഥലത്തല്ലാതെയാണ് ലാന്റിംഗ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. പൈലറ്റിന്റെ നിർദേശപ്രകാരം ഹെലികോപ്റ്റർ മധ്യഭാഗത്തേക്ക് ചെറിയ അകലത്തിൽ മാറ്റിയിട്ടതാണെന്നും, സുരക്ഷാ വിഭാഗത്തിന്റെ മേൽനോട്ടത്തിൽ എല്ലാ നടപടികളും കൃത്യമായി പാലിച്ചതാണെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.

Advertisements

“എൻ.എസ്.ജി അടക്കമുള്ള ഏജൻസികൾ സ്ഥലം പരിശോധിച്ചിരുന്നു. യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ല. രാഷ്ട്രപതിയുടെ സുരക്ഷാ വിഭാഗത്തിന്റെ നിർദേശപ്രകാരം യുദ്ധകാലാടിസ്ഥാനത്തിൽ എല്ലാ ക്രമീകരണങ്ങളും ചെയ്തു,” എന്ന് ജനീഷ് കുമാർ വ്യക്തമാക്കി.കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ നിലയ്ക്കലിലെ ലാന്റിംഗ് റദ്ദാക്കി, പ്രമാടത്തെ സ്റ്റേഡിയത്തിലേക്ക് മാറ്റിയതാണെന്ന് അദ്ദേഹം അറിയിച്ചു.അതേസമയം, രാഷ്ട്രപതി ദ്രൗപദി മുർമു കനത്ത സുരക്ഷാ സംവിധാനങ്ങൾക്കിടയിൽ ശബരിമല ദർശനം നടത്തി. പമ്പ ഗണപതി ക്ഷേത്രത്തിൽ നിന്ന് ഇരുമുടിക്കെട്ട് നിറച്ച്, പതിനെട്ടാം പടി ചവിട്ടി സന്നിധാനത്തെത്തി അയ്യപ്പ ദർശനം നടത്തിയ ശേഷം ദേവസ്വം ഗസ്റ്റ് ഹൗസിലേക്കാണ് രാഷ്ട്രപതി മടങ്ങിയത്.

Hot Topics

Related Articles