ന്യൂസ് ഡെസ്ക് :സ്പാം കോളുകൾ സന്ദേശങ്ങൾ എന്നിവ ഉപഭോക്താക്കള്‍ക്ക് സൃഷ്ടിക്കുന്ന പ്രശ്നങ്ങൾക്ക് വിരാമിടാൻ കർശന നടപടികളുമായി ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ). ഈ നടപടികളുടെ ഭാഗമായി, കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളിൽ വ്യാജ കോളുകളും എസ്‌എംഎസുകളും പ്രചരിപ്പിച്ച 2.1 ദശലക്ഷം മൊബൈല്‍ നമ്പറുകള്‍ ട്രായ് നിരോധിച്ചു.
കൂടാതെ തുടർച്ചയായി ഇത്തരത്തിലുള്ള സന്ദേശങ്ങളും കോളുകളും അയച്ച ഒരു ലക്ഷത്തോളം സ്ഥാപനങ്ങളെ കരിമ്പട്ടികയിൽ ഉള്‍പ്പെടുത്തിയും ചെയ്തു. ആദ്യമായാണ് ഇത്രയും നമ്പർ ഒരുമിച്ച് നിരോധിക്കുന്നത്.മൊബൈല്‍ ഉപയോക്താക്കള്‍ക്ക് സ്പാം കോളുകളും സന്ദേശങ്ങളും ലഭിക്കുകയാണെങ്കില്‍ അവയെ വെറും ബ്ലോക്ക് ചെയ്യുന്നതിൽ ഒതുക്കാതെ റിപ്പോർട്ട് ചെയ്യാനും ട്രായ് നിർദ്ദേശിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനായി ട്രായ് ഡി.എൻ.ഡി. (TRAI DND) ആപ്പ് ഉപയോഗിക്കാനായും ട്രായ് അഭ്യർത്ഥിച്ചു . സ്പാം കോളുകളും സന്ദേശങ്ങളും റിപ്പോർട്ട് ചെയ്യാൻ സാധിക്കുന്ന ട്രായിയുടെ ആപ്പാണിത്. ഈ ആപ്പ് ഉപയോഗിച്ച ആളുകള്‍ റിപ്പോർട്ട് ചെയ്ത നമ്ബറുകളാണ് ട്രായ് നിരോധിച്ചത്.
സ്പാമില്‍ നിന്ന് രക്ഷനേടാൻ ഉപയോക്താക്കള്‍ക്കായി ട്രായ് പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങള്‍ ഇതാ:
ഉപയോക്താക്കള്‍ ഫോണില്‍ ട്രായ് ഡി.എൻ.ഡി ആപ്പ് ഇൻസ്റ്റാള്‍ ചെയ്യുക.
സ്പാം സന്ദേശങ്ങളോ കോളുകളോ ലഭിക്കുകയാണെങ്കില്‍ അവ ആപ്പ് വഴി റിപ്പോർട്ട് ചെയ്യുക.
ഫോണ്‍ കോളുകളിലൂടെയോ സന്ദേശങ്ങളിലൂടെയോ വ്യക്തിഗതമോ ബാങ്കിംഗ് സംബന്ധമായതോ ആയ വിവരങ്ങള്‍ പങ്കുവെക്കരുത്.
ഏതെങ്കിലും കോളുകളിലോ സന്ദേശങ്ങളിലോ സംശയം തോന്നുന്നുണ്ടെങ്കില്‍ ഉടൻ തന്നെ കോള്‍ വിച്ഛേദിക്കുക.
സൈബർ തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ദേശീയ സൈബർ ക്രൈം ഹെല്‍പ്പ് ലൈൻ ആയ 1930-ല്‍ റിപ്പോർട്ട് ചെയ്യുക. ഇതിനായി സർക്കാർ പോർട്ടലും(www.cybercrime.gov.in) ഉപയോഗിക്കാം.


