തിരുവനന്തപുരം:ജമാഅത്തെ ഇസ്‌ലാമി അയച്ച വക്കീല്‍ നോട്ടീസില്‍ മാപ്പ് പറയില്ലെന്ന് വ്യക്തമാക്കി സിപിഎം നേതാവ് എ കെ ബാലന്‍. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ജമാഅത്തെ ഇസ്‌ലാമി ആഭ്യന്തര വകുപ്പ് ഭരിക്കും എന്ന വിവാദ പരാമര്‍ശത്തെ തുടര്‍ന്നാണ് ജമാഅത്തെ ഇസ്‌ലാമി എ കെ ബാലന് വക്കീല്‍ നോട്ടീസ് അയച്ചത്.നോട്ടീസ് ലഭിച്ചതായി സ്ഥിരീകരിച്ച എ കെ ബാലന്‍, മാപ്പ് പറയാന്‍ തനിക്ക് യാതൊരു ഉദ്ദേശവുമില്ലെന്നും വ്യക്തമാക്കി. കോടതിയും കേസും തനിക്ക് പുത്തരിയല്ലെന്നും, ജയിലില്‍ പോകണമെന്നാണെങ്കില്‍ അതിനും തയ്യാറാണെന്നും അദ്ദേഹം പ്രതികരിച്ചു. തന്നെ ന്യൂനപക്ഷ വിരുദ്ധനായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും, താന്‍ ഒരിക്കലും മതനിരപേക്ഷതയില്‍ നിന്ന് വ്യതിചലിച്ചിട്ടില്ലെന്നും എ കെ ബാലന്‍ പറഞ്ഞു.
60 വര്‍ഷമായി പൊതുപ്രവർത്തന രംഗത്തുള്ള താന്‍ ഇതുവരെ മതന്യൂനപക്ഷങ്ങളെ എതിര്‍ത്തിട്ടില്ലെന്ന് എ കെ ബാലന്‍ ചൂണ്ടിക്കാട്ടി. മതേതര മൂല്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ആളാണ് താനെന്നും, ന്യൂനപക്ഷ സംരക്ഷണത്തിനായി നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി അവരുടെ നയങ്ങള്‍ വ്യക്തമാക്കിയ ശേഷമായിരുന്നു നോട്ടീസ് അയക്കേണ്ടിയിരുന്നതെന്നും, മത രാഷ്ട്രവാദം ഉയര്‍ത്തുന്ന സംഘടനയുടെ നയം എന്താണെന്ന് വ്യക്തമാക്കണമെന്നും എ കെ ബാലന്‍ ആവശ്യപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
താന്‍ നടത്തിയ പരാമര്‍ശം ഭരണഘടനാപരമാണെന്നും, വര്‍ഗീയതയ്‌ക്കെതിരായ ആശയ പ്രചാരണം ഒരു പൊതുപ്രവർത്തകന്റെ കടമയാണെന്നും എ കെ ബാലന്‍ പറഞ്ഞു. നോട്ടീസ് ലഭിക്കുന്നതിന് മുന്‍പേ തന്നെ പ്രസ്താവന പരസ്യമായി നടത്തിയിരുന്നുവെന്നും, അതില്‍ അപകീർത്തിപ്പെടുത്തലില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നോട്ടീസില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ള കാര്യങ്ങള്‍ മുഴുവന്‍ വസ്തുതാവിരുദ്ധമാണെന്നും എ കെ ബാലന്‍ കൂട്ടിച്ചേർത്തു.യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ജമാഅത്തെ ഇസ്‌ലാമി ആഭ്യന്തര വകുപ്പ് നിയന്ത്രിക്കും എന്ന എ കെ ബാലന്റെ പരാമര്‍ശത്തിനെതിരെയാണ് ജമാഅത്തെ ഇസ്‌ലാമി വക്കീല്‍ നോട്ടീസ് അയച്ചത്.
പ്രസ്താവന കലാപത്തിന് ശ്രമിക്കുന്നതാണെന്ന് ആരോപിച്ചാണ് നടപടി. ഒരു കോടി രൂപ നഷ്ടപരിഹാരവും പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന ആവശ്യവും നോട്ടീസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരാഴ്ചയ്ക്കകം പ്രസ്താവന പിന്‍വലിച്ചില്ലെങ്കില്‍ ക്രിമിനല്‍, സിവില്‍ കേസുകള്‍ നല്‍കുമെന്ന് ജമാഅത്തെ ഇസ്‌ലാമി മുന്നറിയിപ്പ് നല്‍കിയിരുന്നു.


