കുറവിലങ്ങാട് : ദേവമാതാ കോളേജ് കുറവിലങ്ങാട് (ഓട്ടോണമസ്) ൻ്റെ നേതൃത്വത്തിൽ ജി – ടെക്ക് എജ്യൂക്കേഷൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഓൾ കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ മഹാരാജാസ് കോളേജ് എറണാകുളം ജേതാക്കളായി. ഫൈനലിൽ മാർത്തോമാ കോളേജ് തിരുവല്ലയെ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് മഹാരാജാസ് പരാജയപ്പെടുത്തിയത്. ഇന്ദിരാഗാന്ധി കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് കോതമംഗലം , കെ. എസ്. എം. ഡി. ബി. കോളേജ് ശാസ്താംകോട്ട എന്നിവർ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലെത്തി. ജേതാക്കൾക്ക് 25000 രൂപയും റവ. ഫാ. പോൾ ആലപ്പാട്ട് മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും രണ്ടും മൂന്നും നാലും സ്ഥാനങ്ങളിൽ എത്തിയവർക്ക് യഥാക്രമം 20000, 10000, 5000 എന്നീ തുകകളും സമ്മാനമായി ലഭിച്ചു. ടൂർണമെന്റിലെ മികച്ച താരമായി മഹാരാജാസ് കോളേജിലെ യദുകൃഷ്ണനെയും മികച്ച ഗോൾകീപ്പറായി ഇന്ദിരാഗാന്ധി കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ അർജുൻ കുമാറിനെയും ബെസ്റ്റ് ഡിഫൻഡർ ആയി മഹാരാജാസ് കോളേജിലെ അക്ഷയ് കെ. ജെ യെയും തിരഞ്ഞെടുത്തു. സമാപന സമ്മേളനം കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് മോൻ മുണ്ടക്കൽ ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജർ ആർച്ച് പ്രീസ്റ്റ് വെരി. റവ. ഡോ. തോമസ് മേനാച്ചേരി മുഖ്യപ്രഭാഷണവും സമ്മാനദാനവും നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സുനിൽ സി. മാത്യു അധ്യക്ഷനായിരുന്ന സമ്മേളനത്തിൽ കോളേജ് വൈസ് പ്രിൻസിപ്പൽ റവ. ഫാ. ഡിനോയ് മാത്യു കവളമ്മാക്കൽ കോളേജ് ബർസാർ ഫാ. ജോസഫ് മണിയഞ്ചിറ കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സിബി മാണി, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മിനി മത്തായി കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് മെമ്പർ അഡ്വ. കെ.കെ. ശശികുമാർ, ജി – ടെക് എജ്യൂക്കേഷൻ കുറവിലങ്ങാട് ഡയറക്ടർ തോംസൺ മാത്യു, കോളേജ് യൂണിയൻ അഡ്വൈസർ ഡോ. പ്രിയ ജോസഫ് കോളേജ് യൂണിയൻ ചെയർപേഴ്സൺ ബേസിൽ ബേബി എന്നിവർ സന്നിഹിതരായിരുന്നു.
റവ. ഫാ. പോൾ ആലപ്പാട്ട് മെമ്മോറിയൽ ഫുട്ബോൾ ടൂർണ്ണമെൻറ്: മഹാരാജാസ് കോളേജ് എറണാകുളം ജേതാക്കൾ


