ഇടുക്കി: അടിമാലിയിലെ കുമ്പൻപാറയിലെ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച് പോലീസ്.നിലവിൽ ആരെയും കേസിൽ പ്രതി ചേർത്തിട്ടില്ല. വിശദമായ അന്വേഷണത്തിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.മണ്ണിടിച്ചിലിൽ വീടിനുള്ളിൽ കുടുങ്ങിയ നിലയിലാണ് ബിജുവിനെ കണ്ടെത്തിയത്. ഏഴ് മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ബിജുവിനെ പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ സന്ധ്യ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. കുമ്പൻപാറ ലക്ഷംവീട് ഉന്നതിയെ ഏതാണ്ട് പൂർണമായും തുടച്ചുനീക്കിയ മണ്ണിടിച്ചിൽ ശനിയാഴ്ച രാത്രി പത്തരയോടെയായിരുന്നു. ദേശീയപാതയോരത്ത് കൂറ്റൻ കുന്ന് അടർന്നുതാഴെയേക്ക് പതിച്ചതോടെ ബിജുവിൻ്റെതുള്പ്പെടെ ആറ് വീടുകൾ മണ്ണിനടിയിലായി. മണ്ണിടിച്ചിൽ സാധ്യത കണ്ട് ഉന്നതിയിലെ 22 കുടുംബങ്ങളെ മുമ്പ് മാറ്റിപ്പാർപ്പിച്ചിരുന്നു. ഇതാണ് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ മാറ്റിപ്പാർപ്പിച്ച ശേഷം വീട്ടിലേക്ക് തിരികെ എത്തിയ ബിജുവും സന്ധ്യയുമാണ് അപകടത്തിൽപ്പെട്ടത്. വീടിൻ്റെ കോൺക്രീറ്റ് പാളികൾക്കിടയിൽ കുടുങ്ങിയ ഇരുവരെയും പുറത്തെടുക്കാൻ മണിക്കൂറുകളോളം രക്ഷാപ്രവർത്തനം നടന്നു. പുലർച്ചെ മൂന്നരയോടെ സന്ധ്യയയെ ജീവനോടെ പുറത്തെടുത്ത് രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. സന്ധ്യയുടെ ആരോഗ്യനില തൃപ്തകരമാണ്. പുലർച്ചെ നാലരയോടെയാണ് ബിജുവിൻ്റെ മൃതദേഹം പുറത്തെടുത്തത്.
ദേശീയപാത വികസനത്തിനായി അശാസ്ത്രീയമായി മണ്ണെടുത്തതാണ് അപകടത്തിന് കാരണമെന്നും പ്രദേശവാസികൾ ആരോപിക്കുന്നു. സ്ഥലത്ത് ദേശീയപാതയുടെ നിർമാണം നടന്നിട്ടില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ദേശീയപാത അതോറിറ്റി ഇതിൽ നിന്ന് കയ്യൊഴിഞ്ഞു. ബിജുവും ഭാര്യയും വ്യക്തിപരമായ ആവശ്യത്തിന് വീട്ടിലേക്ക് പോയപ്പോഴാണ് അപകടം സംഭവിച്ചതെന്നും മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാൻ നിർദ്ദേശം നൽകിയിരുന്നുവെന്നും ദേശീയപാത അതോറിറ്റി വ്യക്തമാക്കി.


