തൃശ്ശൂർ: തൃത്തല്ലൂർ വെസ്റ്റ് ശ്രീ കൊറ്റായി ചാളിപ്പാട്ട് അന്നപൂർണേശ്വരി തറവാട്ട് ക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ കവർന്നത് ക്ഷേത്രം ശാന്തി തന്നെയാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. കുന്നത്തങ്ങാടി ചെങ്ങട്ടിൽ വീട്ടിൽ വിഷ്ണുവിനെ (21) ആണ് പൊലീസ് ഏങ്ങണ്ടിയൂരിൽ നിന്ന് പിടികൂടിയത്.ക്ഷേത്രം സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വാടാനപ്പിള്ളി പൊലീസ് കേസെടുത്തു. ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തൃശ്ശൂർ റൂറൽ പൊലീസ് അറസ്റ്റുചെയ്തത്.മോഷണത്തിൽ 21.72 ഗ്രാം സ്വർണാഭരണങ്ങളാണ് പ്രതി കവർന്നത്.
അന്നപൂർണ്ണേശ്വരി ദേവിയുടെ വിഗ്രഹത്തിലെ താലിയോടുകൂടിയ സ്വർണ്ണമാല, ദുർഗാദേവിയുടെ വിഗ്രഹത്തിലെ താലിയോടുകൂടിയ മാല, ഭദ്രകാളി ദേവിയുടെ വിഗ്രഹത്തിലെ സ്വർണ്ണമാല എന്നിവയാണ് പ്രതി അപഹരിച്ചത്.മയക്കുമരുന്ന് കച്ചവടം ഉൾപ്പെടെ ആറു ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതിയെ നടപടിക്രമങ്ങൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

