പത്തനംതിട്ട :കയർ കുരുങ്ങി തലകീഴായി താഴ്ചയിൽ വീണ് രണ്ട് ദിവസം ജീവൻ മരണം പോരാട്ടം നടത്തിയ ഗർഭിണി പശുവിനെ അഗ്നിരക്ഷാസേന ജീവനോടെ രക്ഷപ്പെടുത്തി. മൈലപ്ര പഞ്ചായത്തിലെ പടിയിൽ മഹേഷ് മാധവ വിലാസത്ത് സരളയുടെ വീട്ടിലെ ഏക ഉപജീവന മാർഗമായ, മൂന്ന് മാസം ഗർഭിണിയായ പശുവിനാണ് റബർ തോട്ടത്തിൽ പുല്ല് മേയ്ക്കുന്നതിനിടെ അപകടം പറ്റിയത്.കയർ കുരുങ്ങി തലകീഴായി താഴ്ചയിൽ കുടുങ്ങി കിടന്ന പശുവിനെ നാട്ടുകാരും കുടുംബാംഗങ്ങളും രക്ഷിക്കാൻ രണ്ടുദിവസമായി ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇനി പശുവിനെ രക്ഷിക്കാനാവില്ലെന്ന് കരുതിയ വീട്ടുകാർ ഇറച്ചിവെട്ടുകാർക്ക് വിവരം അറിയിക്കുകയും അവർ സ്ഥലത്തെത്തുകയും ചെയ്തു. എന്നാൽ തന്റെ പൊന്നോമനയായ പശുവിനെ ഇറച്ചിവെട്ടുകാർക്ക് കൈമാറാൻ സരളയ്ക്ക് മനസായില്ല.
വിവരം വാർഡ് അംഗത്തിന്‍റെ അറിവിൽപ്പെടുത്തിയ സരളയുടെ അഭ്യർഥനപ്രകാരം പത്തനംതിട്ട അഗ്നിരക്ഷാസേന സ്ഥലത്തെത്തി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ എ. സാബു നേതൃത്വം നൽകിയ സംഘം ഇത്രയും ആഴമുള്ള കുഴിയിൽ നിന്ന് പശുവിനെ രക്ഷപ്പെടുത്തുന്നതിന് സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടെന്ന് വ്യക്തമാക്കിയെങ്കിലും, സരളയ്ക്ക് മണ്ണുമാന്തി സേവനം ലഭ്യമാക്കാൻ സാമ്പത്തികമായി കഴിയില്ലെന്ന് മനസ്സിലാക്കിയതോടെ, രക്ഷാപ്രവർത്തനം നേരിട്ട് ഏറ്റെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പഴയ ഹോസ്, റോപ്പ് തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിച്ച് രണ്ടര മണിക്കൂർ നീണ്ട സാഹസിക രക്ഷാപ്രവർത്തനത്തിന് ശേഷം അഗ്നിരക്ഷാസേന പശുവിനെ കുഴിയിൽ നിന്ന് ഉയർത്തി. പിന്നീട് കൈചുമടായി വീട്ടിലെ തൊഴുത്തിലേക്കാണ് എത്തിച്ചത്.ജീവൻ മരണം പോരാട്ടത്തിനൊടുവിൽ സ്വന്തം ഉപജീവന മാർഗവും പ്രിയപ്പെട്ട പശുവിനെയും നഷ്ടപ്പെടുമെന്ന് കരുതിയ സരള, കണ്ണുനിറച്ച് അഗ്നിരക്ഷാസേനയ്ക്ക് നന്ദി അറിയിച്ചു.


