തിരുവനന്തപുരം: ട്രെയിനിൽ യാത്ര ചെയ്യുന്നവർക്ക് മുന്നറിയിപ്പായി മാറുകയാണ് സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ. വിൻഡോ സീറ്റിൽ ഇരുന്ന് ഫോണിൽ സംസാരിക്കുന്ന സ്ത്രീയുടെ കൈയിൽ നിന്നാണ് ഫോൺ പെട്ടെന്ന് തട്ടിപ്പറിക്കുന്നത് അതും മറ്റാരുമല്ല, ഒരു പൊലീസുകാരൻ തന്നെ.വീഡിയോയിൽ, ട്രെയിൻ യാത്രയ്ക്കിടെ വിൻഡോയിലൂടെ സ്ത്രീയുടെ കൈയിൽ നിന്നുള്ള ഫോൺ പൊലീസുകാരൻ പെട്ടെന്ന് പിടിച്ചെടുക്കുന്നതാണ് കാണുന്നത്. സംഭവത്തിൽ ഞെട്ടിയ യുവതി ആദ്യം പരിഭ്രമിച്ചുപോകുന്നു. പിന്നാലെ, സംഭവം എന്താണെന്ന് പൊലീസ് വിശദീകരിച്ചപ്പോൾ കാര്യം മനസിലാവുകയും ചിരിയിലാവുകയും ചെയ്യുന്നു.
ട്രെയിനുകളിൽ നടക്കുന്ന മൊബൈൽ ഫോൺ മോഷണങ്ങളെക്കുറിച്ച് യാത്രക്കാരെ ബോധവൽക്കരിക്കാനാണ് ഈ ‘ഡെമോൺസ്‌ട്രേഷൻ’. പലപ്പോഴും യാത്രയ്ക്കിടെ ഉറങ്ങിപ്പോകുമ്പോൾ, അല്ലെങ്കിൽ വിൻഡോയ്ക്കരികിൽ ഇരുന്ന് ഫോൺ ഉപയോഗിക്കുമ്പോൾ, വിൻഡോയിലൂടെ തന്നെ ഫോൺ തട്ടിയെടുക്കുന്ന സംഭവങ്ങൾ പതിവാണ്.റെയിൽവേ പൊലീസ് നിരന്തരം ഇത്തരത്തിലുള്ള മുന്നറിയിപ്പുകൾ നൽകുന്നുണ്ടെങ്കിലും, പലരും അത് അവഗണിക്കുന്നതാണ് വാസ്തവം. സോഷ്യൽ മീഡിയയിൽ വൈറലായ ഈ വീഡിയോ, അശ്രദ്ധയുള്ള യാത്രക്കാർക്ക് ഒരു ശക്തമായ മുന്നറിയിപ്പായി മാറിയിരിക്കുകയാണ്.


