കൊച്ചി: മത്സ്യബന്ധനത്തിന് കടലിലിറങ്ങിയ അഞ്ച് മത്സ്യതൊഴിലാളികളെ കാണാതായി. ചെല്ലാനം കണ്ടക്കടവ് സ്വദേശികളായ ഇവർ സഞ്ചരിച്ചിരുന്ന ‘ഇമ്മാനുവൽ’ എന്ന ഒറ്റ എൻജിൻ വള്ളം (KL 03 4798) ഇത് വരെ കരയിലേക്ക് മടങ്ങിയെത്തിയിട്ടില്ല.ഇന്ന് പുലർച്ചെ നാല് മണിയോടെ വള്ളം കടലിലിറങ്ങിയതായും രാവിലെ ഒമ്പത് മണിയോടെ മടങ്ങിയെത്തേണ്ടതായിരുന്നുവെന്നും വ്യക്തമാക്കുന്നു. എന്നാൽ നിശ്ചിത സമയത്ത് മടങ്ങിയെത്താതായതിനെ തുടർന്ന് ബന്ധുക്കളും സഹമത്സ്യതൊഴിലാളികളും തിരച്ചിൽ ആരംഭിച്ചു.
വള്ളത്തിലുണ്ടായിരുന്നത് സെബിൻ, പാഞ്ചി, കുഞ്ഞുമോൻ, പ്രിൻസ്, ആന്റപ്പൻ എന്നിവരായിരുന്നു. ഇവരെ കുറിച്ചുള്ള വിവരമൊന്നും ലഭിക്കാത്തതിനെ തുടർന്ന് കോസ്റ്റ്‌ഗാർഡും നേവിയും ഉൾപ്പെടെയുള്ള സംഘങ്ങൾ തിരച്ചിൽ ആരംഭിച്ചു.കടലിലെ മോശം കാലാവസ്ഥയും ശക്തമായ കാറ്റും തിരച്ചിലിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. പ്രദേശവാസികളും മത്സ്യബന്ധന തൊഴിലാളികളും ചേർന്നും തിരച്ചിൽ തുടരുകയാണ്.


