നിയമസഭാ തിരഞ്ഞെടുപ്പ് വിജയം, ക്രെഡിറ്റ് ജനങ്ങൾക്ക് : ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ്

കോട്ടയം : നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ക്രെഡിറ്റ് ജനങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മാധ്യമവിഭാഗം തലവൻ ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്താ. ജനം വിവേകത്തോടെ പ്രവർത്തിച്ചതിന്റെ ഫലമാണ് പ്രകടമായത്. ജയിച്ച പാർട്ടിയുടെ മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് സഭയും സമുദായങ്ങളുമല്ല അതിനുള്ള അവകാശം ആ പാർട്ടിക്കാണ്. എന്നാൽ തീരുമാനം വൈകുന്നത് ജനങ്ങൾക്കിടയിൽ ചർച്ചയാകും. ഇത് സംബന്ധിച്ച മാധ്യമവാർത്തകൾ ജനങ്ങൾക്കിയടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത് ശുഭകരമല്ലെന്നും മെത്രാപ്പോലീത്താ പറഞ്ഞു.

Advertisements

ഒന്നാം പിണറായി സർക്കാർ ജനകീയമായിരുന്നു. പ്രഗത്ഭരായ മന്ത്രിമാർ ആ സർക്കാരിൽ ഉണ്ടായിരുന്നു. രണ്ടാം സർക്കാർ ജനങ്ങളിൽ നിന്ന് അകന്നു. ശബരിമലയിൽ വിധി നടപ്പാക്കാൻ വ്യഗ്രത കാട്ടിയ സർക്കാരിന് സഭാക്കേസിൽ ഒച്ചിഴയുന്ന വേഗമായിരുന്നു. കഴഞ്ഞ 5 വർഷക്കാലം സഭ ഏറെ വേദനകൾ അനുഭവിച്ചിട്ടുണ്ട്. വോട്ടുബാങ്കും നോട്ടുബാങ്കും നോക്കിയാണ് സർക്കാർ പ്രവർത്തിച്ചത്. രാജ്യത്തെ പരമോന്നത കോടതിയുടെ വിധി നടപ്പാക്കേണ്ടതിന് പകരം നിയമംലംഘിച്ചവർക്ക് സർക്കാർ കൂട്ടുനിന്നു. അവരുടെ പൂർണ പിന്തുണ ലഭിച്ചിട്ടും എറണാകുളത്ത് പേരിന് പോലും ഒരു ഇടത് സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ കഴിഞ്ഞില്ല. മറുവശത്ത് സഹായം തേടിയവരെയെല്ലാം സഹായിക്കാൻ മലങ്കരസഭയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ് കൂട്ടിച്ചേർത്തു. വിവിധ സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്ക് നേരെയുണ്ടായ അതിക്രമങ്ങളും, എഫ്.സി.ആർ.എ സംബന്ധിച്ച് പ്രശ്നങ്ങളും ഒഴിവാക്കാൻ സാധിച്ചിരുന്നെങ്കിൽ ബിജെപിയുടെ വോട്ട്ശതമാനം കൂടുതൽ വർധിക്കുമായിരുന്നെന്നും മെത്രാപ്പോലീത്താ പ്രതികരിച്ചു.

Hot Topics

Related Articles