പത്തനംതിട്ട: ഏഴംകുളം അറുകാലിക്കലില്‍ സിപിഎം പ്രവർത്തകന് വെട്ടേറ്റു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായ സ്ലിപ് വിതരണത്തിനിടെയാണ് സംഭവമെന്നാണ് വിവരം. അറുകാലിക്കല്‍ സ്വദേശി രാധാകൃഷ്ണനാണ് വെട്ടേറ്റത്. അയല്‍വാസിയായ അലക്‌സാണ് രാധാകൃഷ്‌ണനെ ആക്രമിച്ചത്. രാധാകൃഷ്ണന് തലക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അലക്‌സ് സജീവ കോണ്‍ഗ്രസ് പ്രവർത്തകനാണെന്ന് ആരോപിച്ച് സിപിഎം നേതാക്കള്‍ രംഗത്തെത്തി.
രാഷ്ട്രീയ വിദ്വേഷം മൂലമുള്ള ആക്രമണമെന്ന് എല്‍ഡിഎഫ് പ്രവർത്തകർ ആരോപിക്കുന്നുണ്ട്. എന്നാല്‍ രാഷ്ട്രീയ വൈരാഗ്യമല്ല ആക്രമണത്തിന് കാരണമെന്നും അയല്‍വഴക്കാണ് ആക്രമണത്തിന് പിന്നിലെന്നുമാണ് പൊലീസ് പറയുന്നത്. അലക്‌സിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ ആക്രമിക്കാൻ ഉപയോഗിച്ച ആയുധവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മറ്റ് നടപടിക്രമങ്ങള്‍ക്ക് ശേഷം പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. രാധാകൃഷ്ണൻ്റെ ആരോഗ്യനില സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.

