വാഷിംഗ്ടണ്‍: ഇറാനെതിരെ അമേരിക്ക ആണവായുധം പ്രയോഗിച്ചേക്കുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാർത്തകള്‍ തള്ളി വൈറ്റ് ഹൗസ്. വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസ് ഇത്തരമൊരു സൂചന നല്‍കിയെന്ന സമൂഹമാധ്യമങ്ങളിലെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഭരണകൂടം വ്യക്തമാക്കി. ഇറാൻ തങ്ങളുടെ നിലപാട് മാറ്റിയില്ലെങ്കില്‍ ഇതുവരെ പ്രയോഗിക്കാത്ത ആയുധങ്ങള്‍ പ്രസിഡന്‍റ് പുറത്തെടുക്കുമെന്ന് ഹംഗറിയില്‍ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ വാൻസ് പറഞ്ഞിരുന്നു. ഈ പ്രസ്താവനയും ഇന്ന് രാത്രി ഒരു നാഗരികത തന്നെ ഇല്ലാതാകാൻ പോകുന്നു എന്ന പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റും ചേർത്തുവെച്ചാണ് ആണവാക്രമണ സാധ്യതയെക്കുറിച്ചുള്ള ചർച്ചകള്‍ സജീവമായത്.
ഡെമോക്രാറ്റിക് അനുകൂലികള്‍ വാൻസിന്റെ വാക്കുകള്‍ ആണവായുധ സൂചനയാണെന്ന് ആരോപിച്ചതിന് പിന്നാലെ, വൈറ്റ് ഹൗസ് കടുത്ത ഭാഷയില്‍ ഇതിനോട് പ്രതികരിച്ചു. വൈസ് പ്രസിഡന്‍റിന്‍റെ വാക്കുകളില്‍ അങ്ങനെയൊരു സൂചനയുമില്ലെന്ന് വ്യക്തമാക്കിയ അധികൃതർ, പ്രചാരണത്തെ പരിഹസിക്കുകയും ചെയ്തു. എന്നാല്‍, ഇറാനുമായുള്ള കരാറിന് ട്രംപ് നല്‍കിയ സമയപരിധി അവസാനിക്കാനിരിക്കെ, ഭരണപക്ഷത്തും പ്രതിപക്ഷത്തും ഒരുപോലെ ആശങ്ക പുകയുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇറാന്‍റെ നിർണ്ണായകമായ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ വലിയ രീതിയിലുള്ള ആക്രമണങ്ങള്‍ നടന്നേക്കാമെന്ന ഭീതി നിലനില്‍ക്കുന്നുണ്ട്. അതേസമയം, വാൻസിന്‍റെയും ട്രംപിന്‍റെയും പ്രസ്താവനകളില്‍ കൂടുതല്‍ വ്യക്തത തേടി പ്രമുഖ മാധ്യമങ്ങള്‍ വൈറ്റ് ഹൗസിനെ സമീപിച്ചിട്ടുണ്ട്. വരും മണിക്കൂറുകളില്‍ ഇറാൻ സ്വീകരിക്കുന്ന നിലപാട് മേഖലയിലെ സമാധാനത്തെ സംബന്ധിച്ച് നിർണ്ണായകമാകും.

