രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് വിലക്ക് നീട്ടി ഹൈക്കോടതി; മുൻകൂർ ജാമ്യ ഹർജി ജനുവരി 7ന് പരിഗണിക്കും

കൊച്ചി: കൊച്ചി സ്വദേശിനിയായ യുവതിയെ ബലാത്സംഗം ചെയ്യുകയും നിർബന്ധിച്ച് ഗർഭഛിദ്രം നടത്തുകയും ചെയ്തെന്ന കേസിൽ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ ജനുവരി 7 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇന്ന് മുൻകൂർ ജാമ്യഹർജി പരിഗണിച്ചപ്പോഴാണ് കോടതിയുടെ ഇടപെടൽ. മുൻകൂർ ജാമ്യ അപേക്ഷയിൽ വിശദമായ വാദം ജനുവരി 7ന് കേൾക്കും.കേസിൽ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ചുകൊണ്ടാണ് നേരത്തെ തന്നെ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി താൽക്കാലികമായി വിലക്കിയിരുന്നത്.

Advertisements

യുവതിയുമായുള്ളത് പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നെന്നും, ബന്ധത്തിൽ വിള്ളലുണ്ടായതിനെ തുടർന്ന് നൽകിയ പരാതിയാണിതെന്നും മുൻകൂർ ജാമ്യഹർജിയിൽ രാഹുൽ വ്യക്തമാക്കുന്നു. ആരോപണങ്ങൾ ബലാത്സംഗ കുറ്റത്തിന്റെ നിർവചനത്തിൽപ്പെടുന്നതല്ലെന്നും ഹർജിയിൽ പറയുന്നു.ഗർഭഛിദ്രം നടത്തിയെന്ന ആരോപണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും, അത് തള്ളിക്കളയുന്നതിനുള്ള മതിയായ തെളിവുകൾ തന്റെ പക്കലുണ്ടെന്നും രാഹുൽ കോടതിയെ അറിയിച്ചു. കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കാൻ തയ്യാറാണെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിരുവനന്തപുരം സെഷൻസ് കോടതി നേരത്തെ മുൻകൂർ ജാമ്യഹർജി തള്ളിയതിനെ തുടർന്നാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം, രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സംഗ പരാതിയിൽ തിരുവനന്തപുരം സെഷൻസ് കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം ലഭിച്ചിട്ടുണ്ട്. ഹോം സ്റ്റേയിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് ബെംഗളൂരുവിൽ താമസിക്കുന്ന 23 വയസ്സുകാരി നൽകിയ പരാതിയിലാണ് മുൻകൂർ ജാമ്യം അനുവദിച്ചത്.

എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായി ഒപ്പിടണമെന്ന ഉപാധിയോടെയാണ് ഡിസംബർ 10ന് കേസിൽ മുൻകൂർ ജാമ്യം അനുവദിച്ചത്. ഈ വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീൽ ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കാനാണ് ഹൈക്കോടതി മാറ്റിയിരിക്കുന്നത്.

Hot Topics

Related Articles