തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വലിയ ഭാഗ്യക്കുറി നറുക്കെടുപ്പായ തിരുവോണം ബംബർ 2025ന്റെ ഭാഗ്യവാനെ ഇന്നറിയാം. 25 കോടി രൂപയുടെ ഒന്നാം സമ്മാനത്തിന് അർഹനായ ഭാഗ്യശാലിയെ ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കുന്ന പ്രത്യേക ചടങ്ങിലാണ് കണ്ടെത്തുക. ധനകാര്യമന്ത്രി കെ. എൻ. ബാലഗോപാൽ നറുക്കെടുപ്പ് നിർവഹിക്കും.ഒന്നാം സമ്മാനമായ 25 കോടി രൂപയ്ക്കു പുറമേ, രണ്ടാം സമ്മാനമായി 1 കോടി രൂപ വീതം 20 പേർക്ക്, മൂന്നാം സമ്മാനമായി 50 ലക്ഷം രൂപ വീതം 20 പേർക്ക്, നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകൾക്കും, അഞ്ചാം സമ്മാനമായി രണ്ടുലക്ഷം രൂപ വീതം 10 പരമ്പരകൾക്കും ഭാഗ്യം കാത്തിരിക്കുന്നു. കോടിക്കണക്കിന് രൂപയുടെ സമ്മാനങ്ങളാണ് ഇത്തവണയും ഭാഗ്യാന്വേഷികൾക്കായി ഒരുക്കിയിരിക്കുന്നത്.ഈ വർഷത്തെ ഓണം ബംപർ റെക്കോർഡ് വിൽപ്പന നേടി.
ലോട്ടറി വകുപ്പിന്റെ കണക്കുകൾ പ്രകാരം 75 ലക്ഷത്തിലേറെ ടിക്കറ്റുകൾ വിറ്റഴിഞ്ഞു. പാലക്കാട് ജില്ലയാണ് വിൽപ്പനയിൽ മുന്നിൽ, 14,07,100 ടിക്കറ്റുകളാണ് ഇവിടെ വിറ്റത്. തൃശ്ശൂർ ജില്ല 9,37,400 ടിക്കറ്റുകളുമായി രണ്ടാമതും, തിരുവനന്തപുരം ജില്ല 8,75,900 ടിക്കറ്റുകളുമായി മൂന്നാമതുമാണ്.പ്രധാന വിൽപ്പന കേന്ദ്രങ്ങളിൽ ഇന്നലെ ഉച്ചയോടെ തന്നെ ടിക്കറ്റുകൾ എല്ലാം വിറ്റഴിഞ്ഞതായി ഏജൻസികൾ അറിയിച്ചു.അസാധാരണമായ മഴയും, ജിഎസ്ടി പരിഷ്കരണവുമായി ബന്ധപ്പെട്ട ചില സാങ്കേതിക വിഷയങ്ങളും പരിഗണിച്ച്, ആദ്യം സെപ്റ്റംബർ 27ന് നിശ്ചയിച്ചിരുന്നതായിരുന്ന നറുക്കെടുപ്പ് ഒക്ടോബർ 4-ലേക്ക് മാറ്റിവെക്കുകയായിരുന്നു. ഏജൻസികളുടെയും വിൽപ്പനക്കാരുടെയും അഭ്യർത്ഥനയും ഈ നീട്ടലിന് കാരണമായി.അതോടൊപ്പം, ഒന്നാം സമ്മാനമായി 12 കോടി രൂപ ലഭിക്കുന്ന പൂജാ ബംബർ ലോട്ടറിയുടെ വിൽപ്പനയും ഇന്ന് മുതൽ ആരംഭിക്കും.


