കോട്ടയം :കോട്ടയം അയർക്കുന്നത്തിന് സമീപം കല്ലിട്ടനടയിൽ വീട് കുത്തി തുറന്ന് മോഷണം. 12 പവനിലധികം സ്വർണാഭരണങ്ങളും 28,000 രൂപയും ആണ് മോഷണം പോയത്. കല്ലിട്ടനട സ്വദേശി ബെന്നി ചാക്കോയുടെ വീട്ടിലാണ് കതക് തകർത്ത് കവർച്ച നടന്നത്.വീടിൻ്റെ പിൻഭാഗത്തെ കതകാണ് തകർത്തത്. ഞായറാഴ്ച പുലർച്ചെ 6.30ഓടെ, ബെന്നിയും ഭാര്യയും പള്ളിയിലേക്കു പോയ സമയത്താണ് മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം.ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായ മകൾ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ 8.30ഓടെ വീട്ടിലെത്തിയപ്പോഴാണ് സംഭവം മനസ്സിലായത്.
വീടിൻ്റെ ഇരുനിലകളിലുമുണ്ടായിരുന്ന അലമാരകൾ കുത്തിത്തുറന്ന് സാധനങ്ങൾ എല്ലാം വാരി വലിച്ചിട്ട നിലയിലായിരുന്നു. വിലപിടിപ്പുള്ള ആഭരണങ്ങളും പണവും മോഷ്ടാക്കൾ കവർന്നതായി കണ്ടെത്തി.വാർത്ത ലഭിച്ചതിനെ തുടർന്ന് അയർക്കുന്നം പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.പോലീസ് ടീം സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നതായും അന്വേഷണ സംഘം അറിയിച്ചു.


