പത്തനംതിട്ട:ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുഖ്യ തന്ത്രി കണ്ഠരർ രാജീവരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി രാഹുൽ ഈശ്വർ.ജീവിതത്തിൽ ഇതുവരെ ഒരു വിവാദത്തിലും ഉൾപ്പെട്ടിട്ടില്ലാത്തയാളാണ് കണ്ഠരർ രാജീവരരെന്നും, അദ്ദേഹത്തെക്കുറിച്ച് ഹൈക്കോടതിയുടെ ഒമ്പത് ഇടക്കാല വിധികളിൽ പോലും പ്രതികൂല പരാമർശങ്ങളൊന്നുമില്ലെന്നും രാഹുൽ ഈശ്വർ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.തന്ത്രിക്ക് ഭരണപരമായോ അഡ്മിനിസ്‌ട്രേറ്റീവ് കാര്യങ്ങളിലോ ഉത്തരവാദിത്വമില്ലെന്നും, വിശ്വാസവും ആചാരപരവുമായ വിഷയങ്ങളിലാണ് അദ്ദേഹത്തിന്റെ അധികാരമെന്നും രാഹുൽ ഈശ്വർ ചൂണ്ടിക്കാട്ടി.
15ലധികം രാജ്യങ്ങളിലായി ആയിരക്കണക്കിന് ക്ഷേത്രങ്ങളിൽ പ്രതിഷ്ഠയും പൂജകളും നിർവഹിച്ച വ്യക്തിയാണ് കണ്ഠരർ രാജീവരരെന്നും അദ്ദേഹം കുറിച്ചു.സാക്ഷാൽ ഭഗവാൻ പരശുരാമൻ ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് കേരളത്തിലേക്ക് കൊണ്ടുവന്ന രണ്ട് ബ്രാഹ്മണ കുടുംബങ്ങളിൽ ഒന്നാണ് താഴമൺ കുടുംബമെന്നും, ശബരിമല അയ്യപ്പന്റെ പിതൃസ്ഥാനീയരാണ് അവർ എന്നുമാണ് കുറിപ്പിലെ പരാമർശം. എന്നാൽ, തന്ത്രിയല്ല, അയ്യപ്പൻ തന്നെയാണ് പ്രധാനം എന്ന വിശ്വാസമാണ് തനിക്കുള്ളതെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോടതികളുടെ നിലപാട് വ്യക്തമാകുന്നതിന് മുൻപ് തന്ത്രിയെ കുറ്റക്കാരനാക്കി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും, എല്ലാവർക്കും നീതി ലഭിക്കണമെന്ന നിലപാടിന്റെ ഭാഗമായാണ് താൻ പ്രതികരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശ്രീ നമ്പി നാരായണൻ ഉൾപ്പെടെ നിരവധി പേർ കള്ളക്കേസുകളിൽ കുടുക്കപ്പെട്ട് മാസങ്ങളോളം ജയിലിൽ കിടന്ന സംഭവങ്ങൾ ചരിത്രത്തിലുണ്ടെന്നതും അദ്ദേഹം ഓർമ്മിപ്പിച്ചു.
അഡ്മിനിസ്‌ട്രേറ്റീവ് വീഴ്ചകളുടെ പേരിൽ തന്ത്രിയെ ബലിയാടാക്കി മറ്റാരെയെങ്കിലും രക്ഷപ്പെടുത്താനുള്ള ശ്രമമാണോ നടക്കുന്നതെന്ന് സംശയിക്കുന്നതായും രാഹുൽ ഈശ്വർ പറഞ്ഞു.ഇക്കാര്യത്തിൽ കോടതി വിധിയും സ്വാമി അയ്യപ്പന്റെ തീരുമാനവും അംഗീകരിക്കുമെന്നും, ബ്രാഹ്മണ സംഘടനകളുമായും ഹിന്ദു-വിശ്വാസ സംഘടനകളുമായും ആശയവിനിമയം നടത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.


