പമ്പ:ശബരിമല സന്നിധാനത്ത് ശാസ്ത്രീയ പരിശോധന നടത്തുന്നതിനായി തന്ത്രിയോട് അനുമതി തേടി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി). ദേവസ്വം ബോർഡിന്റെ മുഖേനയാണ് തന്ത്രി മഹേഷ് മോഹനരോട് അനുമതി ആവശ്യപ്പെട്ടത്.ദ്വാരപാലക ശില്പങ്ങളിലും കട്ടിളപാളികളിലും നിലവിലുള്ള പാളികളുടെ ശാസ്ത്രീയ പരിശോധന നടത്താൻ കോടതിയുടെ നിർദേശമനുസരിച്ചാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. സ്വർണക്കൊള്ള കേസിൽ തെളിവുകൾ കൂടുതൽ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് എസ്‌ഐടി ഈ നടപടികൾ ആരംഭിച്ചത്.
സ്വർണം പൂശി കൊണ്ടുവന്നതായി ആരോപണമുള്ള തകിടുകളും ഈ പരിശോധനയുടെ ഭാഗമാകും. ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം പൂശിയെന്ന സംശയം ഉന്നയിക്കപ്പെട്ട തകിടുകൾ ഉൾപ്പെടെ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ഈ തീർത്ഥാടന കാലത്തിന്റെ തുടക്കത്തിൽ സ്ഥാപിച്ച പാളികളിലും പരിശോധന നടത്തുമെന്ന് എസ്‌ഐടി അറിയിച്ചു.


