കോട്ടയം: സാഹിത്യ-സാംസ്കാരിക പാരമ്പര്യത്തിനായി നൂറ്റാണ്ടിലേറെയായി കുമാരനല്ലൂർ ക്ഷേത്രത്തിൽ നടന്നു വരുന്ന വിജ്ഞാനപോഷിണി സഭ ഒക്ടോബർ 1-ന് മഹാനവമി ദിവസം ഉച്ചതിരിഞ്ഞ് 3 മണിക്ക് നടക്കും.മുൻകാലങ്ങളിൽ വടക്കുംകൂർ രാജരാജവർമ്മ, കൊട്ടാരത്തിൽ ശങ്കുണ്ണി, പൊൻകുന്നം വർക്കി തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യം സഭയെ സമ്പന്നമാക്കിയിരുന്നു. ഇത്തവണത്തെ സമ്മേളനത്തിൽ കോട്ടയം പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിലെ ആർക്കിടെക്ചർ വിഭാഗം പ്രൊഫസർ ബിനുമോൾ ടോം “കുമാരനല്ലൂർ ക്ഷേത്രവാസ്തു”യെക്കുറിച്ചും, ഡോ. എസ്. രാജേന്ദു “കുമാരനല്ലൂർ ഗ്രന്ഥവരി”യെക്കുറിച്ചും പ്രഭാഷണം നടത്തും.അതേസമയം, കുമാരനല്ലൂർ ക്ഷേത്രത്തിൽ സൂക്ഷിച്ചിരുന്ന അപൂർവ്വ താളിയോലകളുടെ സംരക്ഷണത്തിനായി സ്ഥാപിച്ച ശേവധി മ്യൂസിയം & ഇൻഡോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഒക്ടോബർ 2-ന് വിജയദശമി ദിവസം തന്റെ ആദ്യ വാർഷികം ആഘോഷിക്കും.
രാവിലെ 10 മണിക്ക് ക്ഷേത്രാങ്കണത്തിൽ ഡോ. എസ്. രാജേന്ദു രചിച്ച കുമാരനല്ലൂർ ഗ്രന്ഥവരി എന്ന പുസ്തകം പ്രകാശനം ചെയ്യുന്നതും ചടങ്ങിന്റെ ഭാഗമായി നടക്കും. പ്രകാശനം കെ.ബി. പ്രസന്നകുമാർ നിർവഹിക്കും. പ്രൊഫ. കെ. രാധാകൃഷ്ണ വാരിയർ പുസ്തകം ഏറ്റുവാങ്ങും. ശ്രീ. പി.വി. വിശ്വനാഥൻ നമ്പൂതിരി ദീപം തെളിക്കും.ശേവധി മ്യൂസിയം മാനേജർ കെ.എ. മുരളി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡോ. മനോജ് കുറൂർ, പി.എൻ. ശശിധരൻ നായർ, ടി. അനിൽകുമാർ എന്നിവർ അനുഗ്രഹഭാഷണം നടത്തും.ശേവധിയിലേക്ക് അപൂർവ്വ താളിയോലകൾ സംഭാവന ചെയ്ത വിശിഷ്ട വ്യക്തികളെയും കുടുംബങ്ങളെയും ചടങ്ങിൽ ആദരിക്കും. അഡ്മിനിസ്ട്രേറ്റർ ഹരി സി.ടി. സ്വാഗതവും ശ്രീമതി രമ്യ ബി. നന്ദിയും രേഖപ്പെടുത്തും.


