ആലപ്പുഴ:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പ്രചാരണം നടത്തിയതായി ആരോപണം. സംഭവത്തില്‍ കെപിസിസിക്ക് പരാതി നല്കി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രംഗത്തെത്തി.ആലപ്പുഴ ജില്ലയിലെ പുറക്കാട് പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച രാജേശ്വരി കൃഷ്ണനാണ് കെപിസിസി വൈസ് പ്രസിഡന്റ് എം. ലിജുവിന് പരാതി നല്‍കിയത്. രാജേശ്വരി കൃഷ്ണന് കോണ്‍ഗ്രസ് അമ്പലപ്പുഴ ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റാണ്. രണ്ട് തവണ പഞ്ചായത്ത് അംഗവും ഒരു തവണ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായിരുന്ന രാജേശ്വരി കൃഷ്ണന്, ഇത്തവണ വിജയിച്ചാല്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാന്‍ സാധ്യതയുണ്ടായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.ഈ സാധ്യത തടയാനായി കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ ബിജെപി സ്ഥാനാര്‍ഥിക്ക് വേണ്ടി സജീവമായി പ്രചാരണം നടത്തിയെന്നാണ് ആരോപണം.
കോണ്‍ഗ്രസ് അമ്പലപ്പുഴ ബ്ലോക്ക് പ്രസിഡന്റ് ടി.എ. ഹമീദിന്റെ അനുഗ്രഹത്തോടെയാണു പ്രചാരണം നടന്നതെന്നും, അദ്ദേഹത്തിന്റെ സഹോദരന് ടി.എ. താഹ, ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറി എം.വി. രഘു, നിഷാന്ത് ഗോപാല്‍, പ്രാദേശിക നേതാക്കളായ പ്രജീഷ്, വിജുമോന് എന്നിവര്‍ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിച്ചുവെന്നുമാണ് കത്തില്‍ ചൂണ്ടിക്കാട്ടുന്നത്.തോട്ടപ്പള്ളി ഹാര്‍ബര്‍ മേഖലയിലെ വീടുകളിലെത്തി ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ പ്രചാരണം നടത്തിയതായും പരാതിയില്‍ പറയുന്നു. തിരഞ്ഞെടുപ്പില്‍ രാജേശ്വരി കൃഷ്ണന് പരാജയപ്പെടുകയും, ബിജെപി സ്ഥാനാര്‍ഥി ആര്യ നോജു വിജയിക്കുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിലവില്‍ പുറക്കാട് പഞ്ചായത്തിലെ കക്ഷിനില യുഡിഎഫ്-9, എല്‍ഡിഎഫ്-6, ബിജെപി-3, എസ്ഡിപിഐ-1 എന്നിങ്ങനെയാണ്. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് ബ്ലോക്ക് പ്രസിഡന്റ് ഹമീദിന്റെ ഭാര്യ റഹ്മത്ത് ഹമീദിനെ എത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് രാജേശ്വരി കൃഷ്ണനെ പരാജയപ്പെടുത്തിയതെന്ന സംശയവും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ട്.


