ചണ്ഡീഗഡ്: ഐപിഎല്ലില്‍ല്‍ രാജസ്ഥാൻ റോയല്‍സിന്‍റെ 15-കാരൻ ഓപ്പണർ വൈഭവ് സൂര്യവംശിയുടെ തകർപ്പൻ പ്രകടനങ്ങള്‍ സഹ ഓപ്പണറായ യശസ്വി ജയ്‌സ്വാള്‍ പൂർണ്ണമായും നിഴലായിപ്പോയെന്ന് മുൻ ഇന്ത്യൻ താരം അംബാട്ടി റായുഡു. തന്‍റെ യഥാർത്ഥ പ്രതിഭ പുറത്തുകൊണ്ടുവരാൻ ജയ്സ്വാള്‍ രാജസ്ഥാൻ റോയല്‍സ് വിട്ട് മുംബൈ ഇന്ത്യൻസ് പോലുള്ള മറ്റൊരു ഫ്രാഞ്ചൈസിയിലേക്ക് മാറണമെന്നാണ് റായുഡു അഭിപ്രായപ്പെട്ടു.
ഇന്ത്യക്കായി 55 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച, ടെസ്റ്റ് ക്രിക്കറ്റിലെ സജീവ സാന്നിധ്യമായ ജയ്‌സ്വാളിന്‍റെ ഏഴാമത്തെ ഐ.പി.എല്‍ സീസണാണിത്. മറുവശത്ത് വൈഭവ് സൂര്യവംശി തന്‍റെ കരിയറിലെ രണ്ടാം സീസണ്‍ മാത്രമാണ് കളിക്കുന്നത്. എന്നിട്ടും ഈ സീസണില്‍ റണ്‍വേട്ടയിലും ജനപ്രീതിയിലും വൈഭവ്, ജയ്‌സ്വാളിനെ ബഹുദൂരം പിന്നിലാക്കി. സീസണില്‍ 15 മത്സരങ്ങളില്‍ നിന്ന് 426 റണ്‍സ് നേടിയ ജയ്‌സ്വാളിന്‍റെ പ്രകടനം മോശമല്ലെങ്കിലും, 680 റണ്‍സോടെ വിരാട് കോലിയെപ്പോലും പിന്നിലാക്കി കുതിക്കുന്ന വൈഭവിന്‍റെ പ്രഭാവത്തിന് മുന്നില്‍ ജയ്‌സ്വാളിന്‍റെ പ്രകടനങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോയി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വൈഭവുമായുള്ള ആരോഗ്യകരമല്ലാത്ത മത്സരബുദ്ധി കാരണം ജയ്‌സ്വാളിന്‍റെ സ്വാഭാവിക കളി നഷ്ടപ്പെടുന്നുണ്ടെന്ന് രാജസ്ഥാൻ താരം രവിചന്ദ്രൻ അശ്വിനും നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിനെ ശരിവെക്കുന്നതായിരുന്നു ഇ.എസ്.പി.എൻ ക്രിക്‌ഇൻഫോയില്‍ അംബാട്ടി റായുഡു നടത്തിയ പ്രതികരണം. ജയ്‌സ്വാള്‍ തന്‍റെ ടീം മാറേണ്ടതുണ്ട്. കാരണം വൈഭവിനൊപ്പം ബാറ്റ് ചെയ്യുമ്പോള്‍ എല്ലാ തവണയും അവൻ നിഴലാവുകയാണ്. ജയ്‌സ്വാള്‍ സ്വന്തം നിലയില്‍ വലിയൊരു സൂപ്പർസ്റ്റാറാണ്. മറ്റൊരു ടീമിലേക്ക് പോയാല്‍ ഒറ്റയ്ക്ക് മത്സരങ്ങള്‍ ജയിപ്പിക്കാൻ അവന് സാധിക്കും. അവന് അതിനുള്ള സ്വന്തം സ്പേസും പ്ലാറ്റ്‌ഫോമും ആവശ്യമാണ്. കാരണം വൈഭവ് ഇനിയും സഹതാരങ്ങളെ നിഴലിലാക്കിക്കൊണ്ടേയിരിക്കും. വൈഭവിന്‍റെ ഈ കുതിപ്പിനെ ഉള്‍ക്കൊള്ളാനും അതില്‍ സന്തോഷിക്കാനും കഴിയുന്ന, നോണ്‍-സ്ട്രൈക്കറുമായി മത്സരിക്കാത്ത ഒരു സീനിയർ പാർട്ണറാണ് രാജസ്ഥാന് ഇനി വേണ്ടത്.
രാജസ്ഥാൻ വിട്ടാല്‍ ജയ്‌സ്വാളിന് ഏറ്റവും അനുയോജ്യമായ ടീം മുംബൈ ഇന്ത്യൻസ് ആയിരിക്കുമെന്നും റായുഡു വ്യക്തമാക്കി. രോഹിത് ശർമ്മയ്ക്ക് ഇനി മുംബൈയില്‍ എത്രകാലം കരിയർ ബാക്കിയുണ്ടെന്നത് ചർച്ചാവിഷയമാണ്. ഇന്ത്യൻ ഏകദിന ടീമില്‍ രോഹിത്തിന്‍റെ നേരിട്ടുള്ള പകരക്കാരനാകാൻ ഏറ്റവും സാധ്യതയുള്ള ആളാണ് ജയ്‌സ്വാള്‍. മാത്രമല്ല, ജയ്‌സ്വാള്‍ വളർന്നതും തന്‍റെ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങള്‍ (രഞ്ജി ട്രോഫി, വിജയ് ഹസാരെ, സയ്യിദ് മുഷ്താഖ് അലി ട്രോഫി) കളിച്ചതും മുംബൈക്ക് വേണ്ടിയാണ്. അതുകൊണ്ട് തന്നെ ജയ്‌സ്വാള്‍ തന്‍റെ ഹോം ടീമായ മുംബൈ ഇന്ത്യൻസിലേക്ക് മാറുന്നത് ഇരു കൂട്ടർക്കും ഗുണം ചെയ്യുമെന്നാണ് റായുഡു വിലയിരുത്തി. 2020 മുതല്‍ രാജസ്ഥാൻ റോയല്‍സിന്‍റെ അവിഭാജ്യ ഘടകമാണ് ജയ്‌സ്വാള്‍.


