വാളയാർ:വാളയാർ അട്ടപ്പള്ളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ സംഘം ചേർന്ന് മർദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കോടതി റിമാൻഡ് ചെയ്തു. അട്ടപ്പളം സ്വദേശികളായ അനു, പ്രസാദ്, മുരളി, അനന്ദൻ, ബിപിൻ എന്നിവരാണ് റിമാൻഡിലായത്. ഇവരിൽ നാല് പേർ ബിജെപി ആർഎസ്‌എസ് പ്രവർത്തകരാണെന്ന് പോലീസ് സ്ഥിരീകരിച്ചു.പ്രതികളിൽ മുരളിയും അനുവും 15 വർഷം മുൻപ് ഡിവൈഎഫ്‌ഐ പ്രവർത്തകൻ വിനോദിനെയും സിഐടിയു ചുമട്ടുതൊഴിലാളിയായ സ്റ്റീഫനെ വെട്ടിയ കേസിലെ പ്രതികളാണെന്നും അന്വേഷണത്തിൽ വ്യക്തമായി. സ്റ്റീഫനെ വെട്ടിയ കേസിന്റെ നിയമനടപടികൾ നിലവിൽ ഹൈക്കോടതിയിൽ തുടരുകയാണ്.
ഇന്നലെ പ്രതികളെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന സമയത്ത് പാലക്കാട് എസ്ഡിപിഐ പ്രവർത്തകൻ സുബൈർ വധക്കേസിലെ പ്രതി ആർ. ജിനീഷും കോടതിയിൽ എത്തിയിരുന്നു. കേസിൽ കൂടുതൽ പേരുടെ പങ്കുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. നിലവിൽ കസ്റ്റഡിയിലുള്ള മറ്റ് പ്രതികളുടെ അറസ്റ്റ് ഇന്ന് ഉണ്ടാകുമെന്നാണ് സൂചന.ഛത്തീസ്ഗഢ് സ്വദേശിയായ രാംനാരായൺ ഭയ്യ (31) എന്ന തൊഴിലാളിയെയാണ് മണിക്കൂറുകളോളം തടഞ്ഞുവച്ച് പ്രതികൾ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കള്ളനാണെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇയാളെ പിടിച്ചിരുത്തിയത്. തുടർന്ന് ‘ബംഗ്ലാദേശിയാണോ’ എന്ന് ചോദിച്ച് സംഘം ചേർന്ന് മർദിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ രാംനാരായൺ ഭയ്യ ഏകദേശം ഒന്നര മണിക്കൂറോളം രക്തം വാർന്ന് റോഡിൽ കിടന്നിരുന്നു. പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കഞ്ചിക്കോട് കിംഫ്രയിൽ ജോലി തേടിയാണ് രാംനാരായൺ ഭയ്യ ഒരാഴ്ച മുൻപ് പാലക്കാട് എത്തിയത്. പരിചയമില്ലാത്ത പ്രദേശമായതിനാൽ വഴിതെറ്റിയാണ് വാളയാറിലെ അട്ടപ്പള്ളത്ത് എത്തിയത്.
രാംനാരായണിന് ചെറിയ മാനസിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായും പോലീസ് പറയുന്നു.അട്ടപ്പള്ളത്തെ തൊഴിലുറപ്പ് ജോലിക്കെത്തിയ വനിതകളാണ് രാംനാരായണിനെ ആദ്യം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സമീപത്തെ യുവാക്കളെ വിവരം അറിയിക്കുകയും, പിന്നീട് പ്രദേശവാസികളായ ബിജെപി ആർഎസ്‌എസ് പ്രവർത്തകർ അടങ്ങുന്ന സംഘം ഇയാളെ തടഞ്ഞുവച്ച് ‘വിചാരണ’ നടത്തി മർദിക്കുകയുമായിരുന്നുവെന്നാണ് കേസ്.പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായ രാംനാരായണിന്റെ മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ കേരളത്തിലെത്തിയതിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.


