തിരുവനന്തപുരം: കഴിഞ്ഞ ടേമില്‍ പ്രതിപക്ഷ നേതാവായിരുന്ന വി ഡി സതീശൻ ആണ് ഇനി കേരളത്തെ നയിക്കുന്ന മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നത്. ഇതോടെ ഉത്തരവാദിത്തങ്ങള്‍ക്കും പദവിക്കുമൊപ്പം മാറുന്നത് സർക്കാരില്‍ നിന്ന് ലഭിക്കുന്ന ശമ്പളവും അലവൻസുകളും കൂടിയാണ്. കാബിനറ്റ് റാങ്ക്, മന്ത്രിമാർക്കു തുല്യമായ ശമ്പളവും അലവൻസുകളുമായിരുന്നു പ്രതിപക്ഷ നേതാവിന് ലഭിച്ചിരുന്നതെങ്കില്‍ ഇനി അതിലും മേലെയാണ് സ്ഥാനം. പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് താമസിക്കാൻ ഔദ്യോഗിക വസതി, സഹായിക്കാൻ 30 പേഴ്സമല്‍ സ്റ്റാഫുകള്‍, കാർ തുടങ്ങിയ സൗകര്യങ്ങളുണ്ടായിരുന്നു.
ഇനി, മുഖ്യമന്ത്രിയാകുമ്പോള്‍ വി ഡി സതീശന് പ്രതിമാസം അടിസ്ഥാന ശമ്പളവും അലവൻസുകളും ചേർത്ത് 1,85,000 രൂപയാണ് ശമ്പളമായി ലഭിക്കുകയെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്. ഇതിന് പുറമേ യാത്രയ്ക്കായി ഔദ്യോഗിക വാഹനവും അകമ്പടിക്കായി പൈലറ്റ് വാഹനങ്ങളും ലഭിക്കും. മാത്രമല്ല, കേരളത്തിലെ മുഖ്യമന്ത്രിക്ക് ട്രെയിന്‍-വിമാന യാത്രകള്‍ക്ക് പ്രത്യേത യാത്രാ അലവന്‍സുകളും സൗകര്യങ്ങളുമുണ്ട്. മുഖ്യമന്ത്രിക്കും കുടുംബത്തിനും പൂര്‍ണമായ സൗജന്യ ചികിത്സയാണ് ലഭിക്കുക. ഇനി, 5 വർഷം കഴിഞ്ഞ് മുഖ്യമന്ത്രി കാലാവധി പൂര്‍ത്തിയാക്കിയാലും ആജീവനാന്തം പെന്‍ഷനും ലഭിക്കും. താമസത്തിന് ക്ലിഫ് ഹൗസാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി. സർക്കാർ നല്‍കുന്ന ഈ ബംഗ്ലാവിന് 24 മണിക്കൂര്‍ കര്‍ശനമായ സുരക്ഷയും ഉണ്ടായിരിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിലവില്‍, നിയുക്ത മുഖ്യമന്ത്രിയായ വി ഡി സതീശന്റെ ആസ്തിയും വലിയ ചർച്ചയാവുകയാണ്. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ അദ്ദേഹം നല്‍കിയ ആസ്തികളുടെയും ബാധ്യതകളുടെയും കണക്കുകള്‍ അനുസരിച്ച് സതീശനും ഭാര്യ ലക്ഷ്മിപ്രിയയും ചേര്‍ന്ന് ഏകദേശം 6.69 കോടി രൂപയുടെ സ്ഥാവര ജംഗമ സ്വത്തുക്കള്‍ കൈവശം വച്ചിട്ടുണ്ട്. സതീശന്റെ പേരില്‍ ബാങ്ക് നിക്ഷേപമായി 53,82,286 രൂപയും, ഭാര്യയുടെ പേരില്‍ 68,45,474 രൂപയുടെ നിക്ഷേപവുമുണ്ട്. 64,000 രൂപ പണവും 25,000 രൂപയുടെ ബാങ്ക് ഓഹരികളും 35 ഗ്രാം സ്വര്‍ണ്ണവും ഉണ്ടെന്ന് സതീശന്‍ വ്യക്തമാക്കിയിരിക്കുന്നു. അതേ സമയം ഭാര്യയുടെ പേരില്‍ നിലവില്‍ 1128 ഗ്രാം സ്വർണമുണ്ട്. ഇതിന്റെ നിലവിലെ മൂല്യം അനുസരിച്ച് 1,70,82,074 രൂപ വരും. വീടും സ്ഥലവും അടക്കം 2,42,63,816 രൂപ മൂല്യമുള്ള സ്ഥാവര വസ്തുക്കള്‍ വി ഡി സതീശന്റെ പേരിലുണ്ട്.
ഇനി ബാധ്യതകളുടെ കണക്ക് നോക്കാം. വി ഡി സതീശന് സ്വന്തം പേരില്‍ 24,00,635 രൂപയുടെ കടമുണ്ട്. ഇതില്‍ കാർ ലോണും ബാങ്കുകളില്‍ നിന്നുള്ള മറ്റ് വായ്പകളും ഉള്‍പ്പെടുന്നു. ഭാര്യ ലക്ഷ്മി പ്രിയയുടെ പേരില്‍ 17,45,000 രൂപയുടെ ബാധ്യതയുമുണ്ട്. വിഡി സതീശന്റെ പ്രധാന വരുമാന സ്രോതസ്സായി രേഖപ്പെടുത്തിയിരിക്കുന്നത് കേരളത്തിലെ പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള ശമ്പളവും അലവൻസുകളുമായിരുന്നു. കൂടാതെ അഭിഭാഷകനെന്ന നിലയിലും നേരത്തെ സമ്പാദിച്ചിരുന്നു.


