ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം മേല്‍ശാന്തിയായി പാലക്കാട് ശ്രീകൃഷ്ണപുരം വലംപിരിമംഗലം മൂർത്തിയേടത്ത് മന സുധാകരൻ നമ്ബൂതിരി (59) തിരഞ്ഞെടുക്കപ്പെട്ടു.ഒക്ടോബർ ഒന്നു മുതല്‍ അടുത്ത ആറ് മാസത്തേക്കാണ് നിയമനം. ബുധനാഴ്ച ഉച്ചപൂജ കഴിഞ്ഞ് ക്ഷേത്രം നട തുറന്ന ശേഷം നറുക്കെടുപ്പിലൂടെയായിരുന്നു തിരഞ്ഞെടുപ്പ്.
കൂടിക്കാഴ്ചയിലൂടെ യോഗ്യരെന്ന് കണ്ടെത്തിയ 51 അപേക്ഷകരുടെ പേരുകള്‍ ശ്രീലകത്തിന് മുന്നിലെ നമസ്ക്കാര മണ്ഡപത്തില്‍ വെള്ളിക്കുടത്തില്‍ നിക്ഷേപിച്ചു. ക്ഷേത്രംതന്ത്രി പി.സി.ദിനേശൻ നമ്ബൂതിരിപ്പാടിന്റെ സാന്നിധ്യത്തില്‍ നിലവിലെ മേല്‍ശാന്തി കവപ്ര മാറത്ത് അച്യുതൻ നമ്ബൂതിരി നറുക്കെടുത്തു. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്ബൂതിരിപ്പാട്, സി.മനോജ്, കെ.എസ് ബാലഗോപാല്‍, അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുണ്‍കുമാർ എന്നിവർ ചടങ്ങില്‍ സന്നിഹിതരായി. 63 അപേക്ഷകരില്‍ എട്ട് പേർ കൂടിക്കാഴ്ചയ്ക്ക് എത്തിയില്ല. നാലു പേർ കൂടിക്കാഴ്ചയില്‍ അയോഗ്യരായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
59 കാരനായ നിയുക്ത മേല്‍ശാന്തി എം എ, ബി.എഡ് ബിരുദധാരിയാണ്. ശ്രീകൃഷ്ണപുരം ഹയർസെക്കൻഡറി സ്കൂള്‍ റിട്ട. പ്രിൻസിപ്പലാണ്. എഴുത്തുകാരനും ഘടം, മൃദംഗം കലാകാരനുമാണ്. രണ്ട് കവിതാ സമാഹാരങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. ഭാര്യ: ഷാജിനി (റിട്ട.പ്രധാനധ്യാപിക, മണ്ണാർക്കാട് കല്ലടി ഹൈസ്കൂള്‍). മക്കള്‍: സുമനേഷ്, നിഖിലേഷ് എന്നിവരാണ്.
ചുമതലയേറ്റെടുക്കുന്നതിന് മുന്നോടിയായി നിയുക്ത മേല്‍ശാന്തി 12 ദിവസം ക്ഷേത്രത്തില്‍ ഭജനമിരിക്കും. അതിനുശേഷം സെപ്റ്റംബർ 30 ന് രാത്രി ചുമതലയേല്‍ക്കും. ആറു മാസം പുറപ്പെടാശാന്തിയായി ക്ഷേത്രത്തില്‍ തന്നെ താമസിച്ച് പൂജാകർമങ്ങള്‍ നിർവഹിക്കും.