തിരുവനന്തപുരം: യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ അനുഭവം നൽകാൻ കെഎസ്‌ആർടിസി പുതിയ മാറ്റങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. ഡിജിറ്റൽ പേയ്മെന്റ്, ട്രാവൽ കാർഡ്, ചലോ ആപ്പ് എന്നിവയോടെ ബസുകൾ കൂടുതൽ സാങ്കേതികമായി നവീകരിക്കപ്പെടുന്നു. ഈ നവീകരണങ്ങൾക്ക് ഫലമായി സെപ്റ്റംബർ 8-നു കെഎസ്‌ആർടിസി ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാനമായ 10.19 കോടി രൂപ നേടുകയും ചെയ്തു.ട്രാവൽ കാർഡിന്റെ ഉപയോഗം വർധിച്ചുവരികയാണ്. നിലവിൽ ഒരു ലക്ഷത്തിലധികം ആളുകൾ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യാൻ കാർഡ് ഉപയോഗിക്കുന്നു.
100 രൂപയുടെ ചാർജിൽ ലഭിക്കുന്ന ഈ കാർഡിന് ഒരു വർഷത്തെ കാലാവധി ഉണ്ട്. യാത്രക്കാർക്ക് തങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് 50 മുതൽ 3000 രൂപ വരെ റീചാർജ് ചെയ്യാം. കെഎസ്‌ആർടിസി റീചാർജിന് പ്രത്യേക ആനുകൂല്യങ്ങളും നൽകുന്നു. ഉദാഹരണത്തിന്, 1000 രൂപ റീചാർജ് ചെയ്താൽ 40 രൂപ, 2000 രൂപ റീചാർജ് ചെയ്താൽ 100 രൂപ അധികമായി ക്രെഡിറ്റ് ലഭിക്കുന്നു.ഡിജിറ്റൽ പേയ്മെന്റ് സംവിധാനം വഴി യാത്രക്കാർ ട്രാവൽ കാർഡ്, യുപിഐ, ഡെബിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് എവിടെയും ക്യുആർ കോഡ് സ്കാൻ ചെയ്ത് ടിക്കറ്റ് വാങ്ങാൻ കഴിയും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചലോ ആപ്പിന്റെ സഹായത്താൽ യാത്രക്കാർ ബസിന്റെ നിലവിലെ സ്ഥാനം, സമയമാനങ്ങൾ, ബസ് നമ്പർ, സീറ്റ് ലഭ്യത തുടങ്ങിയവ അറിയാൻ സാധിക്കും. ഒരു ലക്ഷത്തിലധികം പേർ ഇതിനകം ആപ്പ് ഡൗൺലോഡ് ചെയ്തു. ദീർഘദൂര യാത്രകൾക്ക് ഇത് ഏറെ സഹായകരമാണ്.സാധാരണക്കാരൻ കുറഞ്ഞ ചെലവിൽ വിനോദസഞ്ചാരം ആസ്വദിക്കാൻ കഴിയുന്ന ബഡ്ജറ്റ് ടൂറിസത്തിനും ഈ ഓണക്കാലം മികച്ച സ്വീകാര്യത ലഭിച്ചു. തിരുവനന്തപുരത്ത് ഓണസീസണിൽ 25 ലക്ഷം രൂപയുടെ വരുമാനം റെക്കോർഡ് ചെയ്തു. സെപ്റ്റംബർ 1 മുതൽ 7 വരെയുള്ള കണക്കാണ് ഇത്. മറ്റു ജില്ലകളിലും ബഡ്ജറ്റ് ടൂറിസം യാത്രകൾക്ക് മികച്ച പ്രതികരണം ലഭിച്ചിട്ടുണ്ട്.


