കോട്ടയം: ജാമ്യം എടുക്കാൻ വ്യാജ കരം അടച്ച രസീത് ഹാജരാക്കിയ കേസിൽ രണ്ടു പ്രതികളെ അറസ്റ്റ് ചെയ്ത് കോട്ടയം ഈസ്റ്റ് പൊലീസ്. മലപ്പുറം തിരൂരങ്ങാടി പി.സി റോഡിൽ ചോളയ്ക്കപ്പറമ്പിൽ വീട്ടിൽ സിദ്ദിഖ് (59), പ്രാവല്ലൂർ ചെങ്ങാതിക്കര തിരുത്തി ചാണക്കളത്തിൽ വീട്ടിൽ മുഹമ്മദ് ഇഖ്ബാൽ (40) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ യു.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
മറ്റൊരു കേസിലെ പ്രതിയ്ക്ക് ജാമ്യം എടുക്കുന്നതിനായി പ്രതികൾ കരം അടച്ച രസീത് കോടതിയിൽ ഹാജരാക്കുകയായിരുന്നു. പഴയ കരം അടച്ച രസീതാണ് പ്രതികൾ കോട്ടയം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്. തുടർന്ന്, കോടതി ജീവനക്കാർ നടത്തിയ പരിശോധനയിൽ ഇതിൽ തിരുത്തൽ വരുത്തിയതായി കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പഴയ കരം അടച്ച രസീതിൽ തിരുത്തൽ വരുത്തിയത് കണ്ടെത്തിയത്. ഇതേ തുടർന്ന് കോടതി നിർദേശ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത പൊലീസ് രണ്ടു പ്രതികളെയും അറസ്റ്റ് ചെയ്തു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

