കൊല്ലം: സിനിമയിലെ ഭക്തിഗാനങ്ങളെയും സോപാന സംഗീതത്തെയും കോർത്തിണക്കി ഭക്തിസംഗീതം പ്രേക്ഷകരുടെ മനസുകൾ കീഴടക്കിയ നന്ദഗോവിന്ദം ഭജൻസ്, 25 ആം വയസ്സിലേക്ക്. സോഷ്യൽ മീഡിയയിലും തരംഗമായി മാറിയ സംഘത്തെ മലയാളികൾ ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ്.’മനോഹരി രാധേ രാധേ…’ എന്ന പാട്ടിലൂടെ തന്നെ സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആളുകളെ ത്രസിപ്പിച്ച സംഘത്തിന്റെ പരിപാടികൾക്ക് ദുബായിലും കേരളത്തിലും ഒരുപോലെ പ്രേക്ഷക പിന്തുണ ലഭിക്കുന്നു. മലയാളത്തിനൊപ്പം വിവിധ ഭാഷകളിലുള്ള ഗാനങ്ങളും പരിപാടികളിൽ ഉൾപ്പെടുത്തുന്നുണ്ട്.
കോട്ടയം നട്ടാശേരിയിൽ നിന്നാണ് നന്ദഗോവിന്ദം ഭജൻസിന്റെ തുടക്കം. ഇറഞ്ഞാൽ ദേവീക്ഷേത്രം മാനേജരായിരുന്ന തട്ടാശേരി ഇളങ്ങൂർ വീട്ടിൽ രാജേന്ദ്ര പണിക്കർ, മുപ്പത് വർഷം മുമ്പ് ഭജനസംഘം രൂപീകരിച്ചു. നാട്ടുകാരായ നവീൻ മോഹൻ, ശ്രീലാൽ വേണു, പ്രവീൺ എന്നിവർ ബാല്യകാലം മുതൽ സംഘത്തോടൊപ്പം പാടിയിരുന്നു.2000-ൽ അസുഖത്തെ തുടർന്ന് രാജേന്ദ്ര പണിക്കർ കാഴ്ച നഷ്ടപ്പെടുകയും, പിന്നീട് അദ്ദേഹത്തിന് സന്തോഷം പകരാനായി ചെറുപ്പക്കാർ തന്നെ നന്ദഗോവിന്ദം ഭജൻസ് രൂപീകരിക്കുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം സി.എം.എസ് കോളേജിൽ ഒന്നിച്ചുപഠിച്ച നവീൻ മോഹനും ശ്രീലാൽ വേണുവും കൂട്ടുകാരെ കൂടി ചേർത്താണ് യാത്ര ആരംഭിച്ചത്. 2024 മേയ് 5-ന് രാജേന്ദ്ര പണിക്കർ (62) അന്തരിച്ചു.സംഘത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായത് നവീൻ മോഹന്റെ ഗാനങ്ങളിലൂടെയാണ്. ദുബായിൽ ജോലി ചെയ്യുന്ന നവീൻ, ദുബായ് പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകുന്നു. എന്നാൽ ഇന്ത്യയിലെ മറ്റു വേദികളിലും പ്രത്യേക ക്ഷണപ്രകാരം എത്താറുണ്ട്. സ്കൂൾ അദ്ധ്യാപകനായ ശ്രീലാൽ വേണു കേരള ടീമിനെ നയിക്കുന്നു. പ്രവീൺ ഇപ്പോൾ കാനഡയിലാണ്.തൃശൂർ സ്വദേശി വൈഷ്ണവും തിരുവഞ്ചൂർ സ്വദേശി അഭിജിത്തും ഇപ്പോൾ ടീമിനൊപ്പം. ഇങ്ങനെ കോട്ടയത്തും ദുബായിലുമായി രണ്ട് ടീമുകളാണ് പ്രവർത്തിക്കുന്നത്.
വനിതകളില്ല
യാത്രകളിലെ അസൗകര്യം കണക്കിലെടുത്താണ് സംഘത്തിൽ വനിതകളെ ഒഴിവാക്കിയത്. എന്നാൽ സംഘത്തിന്റെ യൂട്യൂബ് പരിപാടികളിൽ ഗായികമാരും ഇടയ്ക്കിടെ പങ്കുചേരാറുണ്ട്.
പരിപാടികൾ
ഒരു പരിപാടിക്ക് ഏകദേശം 1.5 ലക്ഷം രൂപയാണ് പ്രതിഫലം (യാത്രാചെലവ് പ്രത്യേകമായി). പതിനൊന്നു മുതൽ പന്ത്രണ്ടോളം പേർ പങ്കെടുക്കും.“പുതുതലമുറയ്ക്കിടയിലും ഭജനങ്ങൾക്ക് വലിയ സ്വീകരണമുണ്ട് എന്നതാണ് അഭിമാനം,” _ഇ.ആർ. ഉണ്ണിക്കൃഷ്ണൻ, ടീം മാനേജർ.
“ഓഡിയൻസ് ആവശ്യപ്പെടുന്ന പാട്ടുകളും പാടും. സോഷ്യൽ മീഡിയയിലെ കമന്റുകൾ കണ്ടുമാണ് ചിലപ്പോൾ തെരഞ്ഞെടുക്കാറുള്ളത്,”_ നവീൻ മോഹൻ.

