കോട്ടയം: അച്ഛന്റെ പാട്ടിനൊപ്പം മക്കളുടെ മൃദംഗം വയലിൻ അരങ്ങേറ്റം കൗതുകമായി. കുറിച്ചി മലകുന്നം സ്വദേശികളായ പിതാവിന്റെയും മക്കളുടെയും സംഗീത പരിപാടിയാണ് കൗതുകമായി മാറിയത്. കുറിച്ചി മലകുന്നം പെരിഞ്ചേരി ശിവസദനത്തിൽ സുഭാഷ് ശിവനും മക്കളായ ശ്രീഹരി സുഭാഷും, ശ്രീദേവ് സുഭാഷുമാണ് കൗതുകകച്ചേരിയുമായി കളം നിറഞ്ഞത്.
100 രാഗങ്ങളിൽ നൂറ് കീർത്തനങ്ങൾ പാടി ഏഷ്യൻ റെക്കോർഡ് കരസ്ഥമാക്കി ചരിത്രം സൃഷ്ടിച്ച കലാകാരനാണ് സുഭാഷ് ശിവൻ. ഇദ്ദേഹത്തിന്റെ വായ്പ്പാട്ടിനാണ് മക്കളായ ശ്രീഹരിയും, ശ്രീദേവും പക്കമേളം ഒരുക്കിയത്. ശ്രീഹരി വയലിനിൽ പക്കമേളം ഒരുക്കിയപ്പോൾ, ശ്രീദേവ് മൃദംഗത്തിലാണ് അരങ്ങേറ്റം കുറിച്ചത്. പഞ്ചശ്രീ കലാപീഢത്തിന്റെ 31 ആം വാർഷികത്തിന്റെ ഭാഗമായി ഈരയിൽ കുട്ടുമ്മേൽ നവരാത്രി കലാമണ്ഡപത്തിലായിരുന്നു അരങ്ങേറ്റം. ശ്രീഹരി സുഭാഷ് വയലിനിൽ ഈര ജി ശശികുമാറിന്റെയും, ശ്രീദേവ് മൃദംഗത്തിൽ ഇത്തിത്താനം ടി.എസ് ജയചന്ദ്രന്റെയും ശിഷ്യന്മാരാണ്.


