തിരുവനന്തപുരം പോത്തൻകോട്ടെ കവർച്ചക്കേസ്: ദമ്പതികളും മകനും ഉൾപ്പെടെ മൂന്നുപേർ ആലപ്പുഴയിൽ പിടിയിൽ

ആലപ്പുഴ: തിരുവനന്തപുരം പോത്തൻകോട് ഗൃഹനാഥനെ മദ്യം കുടിപ്പിച്ച് അബോധാവസ്ഥയിലാക്കി 10 ലക്ഷം രൂപയു​ടെ സ്വത്തുക്കൾ കവർന്ന കേസിൽ ദമ്പതികളും മകനുമടക്കം മൂന്നുപേർ ആലപ്പുഴയിൽ പിടിയിൽ. നെയ്യാറ്റിൻകര ആറാലൂംമൂട്​ മേലേപുത്തൻവീട്​ തടികോട്ടുകോണം പ്രകാശ്​ (സുനിൽ-40), ഭാര്യ ദീപ (42), മകൻ അഖിൽ (23)എന്നിവരെയാണ് കലവൂരിലെ ഒരുആരാധനാലയത്തിൽനിന്ന് പൊലീസ്​ പിടികൂടിയത്​. ഈമാസം 19ന്​ വൈകീട്ട് 5.30നായിരുന്നു സംഭവം. കവർച്ച നടത്തുകയെന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം കടകംപള്ളി ആനയറ ​ഈറോഡ്​വീട്ടിലെത്തിയാണ്​ 68കാരന്​ മദ്യംനൽകി അബോധവസ്ഥയിലാക്കി സ്വർണവും പണവും ഉൾപ്പെടെ 10ലക്ഷം രൂപയുടെ സാധനങ്ങളാണ്​ അഹരിച്ചത്​. 

Advertisements

പ്രതികൾ ചേർന്ന് ഗൃഹനാഥൻ ധരിച്ചിരുന്ന സ്വർണ മാല, മോതിരം, കൈച്ചെയിൻ, 8,000 രൂപ, എ.ടി.എം. കാർഡ്, പാൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, എക്സ്-സർവീസ് കാർഡ് എന്നിവയാണ് കവർന്നത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾ ആലപ്പുഴ കലവൂരിലെ ആരാധനാലയത്തിൽ കഴിയുന്നതായി ആലപ്പുഴ ജില്ല പൊലീസ്​ മേധാവി വിഷ്ണു പ്രദീപിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് നടപടി. ആലപ്പുഴ ഡിവൈ.എസ്.പി. മുകേഷിന്റെ നിർദേശപ്രകാരം ഇൻസ്പെക്ടർ വിനീഷിന്റെ നേതൃത്വത്തിൽ എസ്.ഐ. മുജീബ്, എ.എസ്.ഐ. ഉല്ലാസ്, വിഷ്ണു, വിപിൻദാസ്, ശ്യാം, ബിജു, ബിനോയ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ മണ്ണഞ്ചേരി പൊലീസ്​ കൈമാറി. തുടർനടപടികൾക്കായി ഇവരെ തിരുവനന്തപുരം പൊലീസിന്​ കൈമാറും.

Hot Topics

Related Articles