പ്രകാശ് രാജ് സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി അധ്യക്ഷൻ; സ്ക്രീനിംഗ് നാളെ മുതൽ

തിരുവനന്തപുരം :2024 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾക്ക് നടനും സംവിധായകനുമായ പ്രകാശ് രാജ് ജൂറി അധ്യക്ഷനായി നിയമിച്ചു. ദേശീയ ചലച്ചിത്രപുരസ്കാര ജേതാവായ പ്രകാശ് രാജ്, നടൻ, സംവിധായകൻ, നിർമാതാവ് എന്നീ നിലകളിൽ അഞ്ചുതവണ ദേശീയപുരസ്കാരം നേടിയിട്ടുണ്ട്. പ്രിയദർശൻ സംവിധാനം ചെയ്ത കാഞ്ചീവരം എന്ന ചിത്രത്തിലൂടെ 2007-ൽ മികച്ച നടനുള്ള ദേശീയപുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു.അവാർഡ് നിർണയത്തിനായുള്ള പ്രാഥമിക വിധിനിർണയ സമിതികളിൽ സംവിധായകരായ രഞ്ജൻ പ്രമോദ്, ജിബു ജേക്കബ് എന്നിവർ രണ്ട് സബ്-കമ്മിറ്റികളുടെ ചെയർപേഴ്സൺമാരായിരിക്കും. ഇരുവരും അന്തിമ ജൂറിയിലും അംഗങ്ങളാണ്.

Advertisements

കവിയും ഗാനരചയിതാവുമായ വിജയരാജമല്ലികയും പ്രാഥമിക ജൂറിയിലുണ്ട്. ചരിത്രത്തിലാദ്യമായി ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ നിന്നുള്ള ഒരാൾ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയ ജൂറിയിൽ അംഗമാകുന്നുവെന്നതും ശ്രദ്ധേയമാണ്.അന്തിമ ജൂറിയിൽ ഡബ്ബിംഗ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി, ഗായിക ഗായത്രി അശോകൻ, സൗണ്ട് ഡിസൈനറും സംവിധായകനുമായ നിതിൻ ലൂക്കോസ്, തിരക്കഥാകൃത്തും എഴുത്തുകാരനുമായ സന്തോഷ് ഏച്ചിക്കാനം എന്നിവർ അംഗങ്ങളാണ്.രചനാ വിഭാഗത്തിന്റെ ജൂറി ചെയർപേഴ്സൺ ദേശീയ അവാർഡ് ജേതാവായ ചലച്ചിത്ര നിരൂപകൻ മധു ഇറവങ്കര ആയിരിക്കും.2024ലെ സംസ്ഥാന ചലച്ചിത്ര അവാർഡിനായി 128 സിനിമകളാണ് സമർപ്പിച്ചിരിക്കുന്നത്. അവയുടെ സ്ക്രീനിംഗ് നാളെ (തിങ്കളാഴ്ച) ആരംഭിക്കും.

Hot Topics

Related Articles