തിരുവല്ല: പത്തനംതിട്ട ജില്ലാ ബാഡ്മിന്റൺ (ഷട്ടിൽ) അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സീനിയർ റാങ്കിംഗ് ബാഡ്മിന്റൺ ടൂർണമെന്റിന്
ജൂലൈ 22 തിരുവല്ലയിലെ പ്രൈം സ്പോർട്സ് സെന്ററിൽ തുടക്കമാകും. ജൂലൈ 22 മുതൽ 26 വരെ നടക്കുന്ന ടൂർണമെന്റിൽ കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നായി നൂറുകണക്കിന് മുൻനിര താരങ്ങൾ വിവിധ ഇനങ്ങളിൽ മാറ്റുരയ്ക്കും.
ടൂർണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് രാവിലെ 10.00 മണിക്ക് തിരുവല്ല എം.എൽ.എ അഡ്വ. വറുഗീസ് മാമ്മൻ നിർവഹിക്കും. ചടങ്ങിൽ കേരള ബാഡ്മിന്റൺ (ഷട്ടിൽ) അസോസിയേഷൻ സെക്രട്ടറി മുഹമ്മദ് താരിഖ് മുഖ്യാതിഥിയായിരിക്കും. മുത്തൂറ്റ് എംക്രെഡ് ചെയർമാൻ റോയ് എം. മാത്യു മുത്തൂറ്റ് ചടങ്ങിൽ സന്നിഹിതനാകും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചടങ്ങിൽ തിരുവല്ല നഗരസഭ ചെയർപേഴ്സൺ ലേഖ എസ്., ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഡോ. റെജിനോൾഡ് വർഗീസ്, ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. പ്രകാശ് ബാബു, കേരള ബാഡ്മിന്റൺ (ഷട്ടിൽ) അസോസിയേഷൻ ട്രഷറാർ ശ്രീ. ടി. ബിനുരാജ് എന്നിവർ ആശംസകൾ അർപ്പിക്കും.
കേരള സ്റ്റേറ്റ് റാങ്കിംഗ് പോയിന്റുകൾ നിർണയിക്കുന്ന ഈ ടൂർണമെന്റിൽ പുരുഷ-വനിതാ വിഭാഗങ്ങളിലായി സംസ്ഥാനത്തെ പ്രമുഖ താരങ്ങൾ പങ്കെടുക്കും. മികച്ച മത്സരങ്ങൾക്കാണ് സംഘാടകർ വേദിയൊരുക്കിയിട്ടുള്ളത്. ജില്ലയിലെ കായികപ്രേമികളോട് മത്സരങ്ങൾ വീക്ഷിക്കുന്നതിനായി എത്തിച്ചേരണമെന്ന് പത്തനംതിട്ട ജില്ലാ ബാഡ്മിന്റൺ (ഷട്ടിൽ) അസോസിയേഷൻ ഭാരവാഹികൾ അഭ്യർഥിച്ചു.


